- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിങ്ങൾ വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്', മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യ ഭീഷണി; ഫയർ ഫോഴ്സ് എത്തി താഴെയിറക്കി
ഇടുക്കി: മരത്തിൽ കയറി കഴുത്തിൽ കുടുക്കിട്ട് ആത്മഹത്യ ഭീഷണി മുഴക്കിയ മധ്യവയസ്കനെ അനുനയിപ്പിച്ച് താഴെ ഇറക്കി. തൊടുപുഴയ്ക്ക് സമീപം കാളിയാർ എസ്റ്റേറ്റിന് സമീപമാണ് സംഭവമുണ്ടായത്. എസ്റ്റേറ്റ് സെക്യൂരിറ്റിയുമായുണ്ടായ തർക്കമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചത്. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ എത്തി അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
സംഭവം അറിഞ്ഞ് കാളിയാര്‍ പോലീസും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു. ഇയാളെ അനുനയിയിപ്പിക്കാനുള്ള ശ്രമത്തിനിടെ 'ഇത് ബിജു മേനോന്റെ പടത്തിലെ പോലല്ല, പിന്നെ രാജ്യത്തിൻ്റെ സമ്പത്ത് കളയണ്ടല്ലോന്ന്, ഇറങ്ങി വരാം. നിങ്ങൾ വണ്ടിയൊക്കൊയായി ഇവിടെ വന്നു കിടന്നാൽ സംസ്ഥാനത്തിൻ്റെ പണമാണ് നഷ്ടമാകുന്നത്' എന്നായിരുന്നു മറുപടി.
വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെയാണ് കയ്യിൽ കയറുമായി 50കാരൻ മരത്തിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. എസ്റ്റേറ്റ് സെക്യൂരിറ്റി ജീവനക്കാരനുമായുണ്ടായ തര്‍ക്കത്തിനിടെ ഇയാൾ ജീവനക്കാരനെ ആക്രമിക്കാന്‍ ശ്രമിച്ചു. തുടർന്ന് ജീവനക്കാരന്‍ പോലീസില്‍ പരാതി നല്‍കി. ഈ വിവരം അറിഞ്ഞതോടെയാണ് ഇയാള്‍ എസ്റ്റേറ്റ് ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സിന് അടുത്തുള്ള വലിയ ബദാം മരത്തിന് മുകളില്‍ കയറി താഴേയ്ക്ക് ചാടുമെന്ന് ഭീഷിണി മുഴക്കുകയായിരുന്നു.
വൈകിട്ട് ആറ് മണിയോടെ കാളിയാര്‍ പോലീസും അഗ്‌നി രക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ സമാധാനിപ്പിച്ച് താഴെയിറക്കി ഭാര്യയ്ക്കൊപ്പം പറഞ്ഞയച്ചു. ഇയാള്‍ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിട്ടുള്ള ആളാണ്.