വയനാട്: നവകേരള സദസ്സിനിടെ, മുഖ്യമന്ത്രിയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണിക്കത്ത്. വയനാട് കളക്ടർക്കാണ് മുഖ്യമന്ത്രിയെ ലാക്കാക്കിയുള്ള ഭീഷണിക്കത്ത് ലഭിച്ചത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസദസിൽ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്. കളക്റ്റ്രേറ്റിലേക്ക് മറ്റൊരു കത്തുകൂടി എത്തി.

യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ വിപ്ലവം വിജയിക്കുമെന്നും കത്തിൽ പറയുന്നു. നാളെയാണ് നവകേരള യാത്ര വയനാട്ടിൽ എത്തുന്നത്.വെവ്വേറെ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളിൽ സമാനതയുണ്ട്. കത്തുകിട്ടിയ വിവരം വയനാട് എസ്‌പി പദം സിങ് സ്ഥിരീകരിച്ചു. പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്ന പ്രചാരണം പൊലീസ് നിഷേധിച്ചു. പതിവനസുരിച്ച് ദളം, വക്താവിന്റെ പേരു സഹിതമാണ് സിപിഐ മാവോയിസ്റ്റുകൾ എഴുത്തിടപാടുകൾ, പോസ്റ്ററുകളും കത്തുകളുമെല്ലാം തയ്യാറാക്കാറ്.

നേരത്തെ കോഴിക്കോട് ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചിരുന്നു. ഇതോടെ പരിശോധനകളും സുരക്ഷയും ശക്തമാക്കിയേക്കുമെന്ന വിവരം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്ത ആഴ്ച കോഴിക്കോട്ട് നടക്കാനിരിക്കെ ഭീഷണിക്കത്ത് അതീവ ഗൗരവത്തോടെയാണ് രഹസ്യാന്വേഷണ വിഭാഗം കാണുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിന് ഭീഷണിക്കത്ത് ലഭിച്ചത്. സിപിഐ(എം.എൽ)-ന്റെ പേരിലാണ് കത്ത്.

കൊച്ചിയിൽ പൊട്ടിച്ചപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഭീഷണി. വ്യാജ കമ്യൂണിസ്റ്റുകൾ വേട്ടയാടിയാൽ ശക്തമായി തിരിച്ചടിക്കും. പിണറായിപ്പൊലീസിന്റെ വേട്ട തുടർന്നാൽ തിരിച്ചടിയുണ്ടാകുമെന്നും കത്തിൽ പറയുന്നു.ഭീഷണിക്കത്ത് സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. നടക്കാവ് പൊലീസ് ആണ് അന്വേഷണം ആരംഭിച്ചത്. കലക്ടർ സ്‌നേഹിൽ കുമാർ സിങ് കത്ത് സ്‌പെഷ്യൽ ബ്രാഞ്ചിന് കൈമാറി. ഹമാസ് സമ്മേളനം നടത്തിയത് വ്യാജ സഖാക്കന്മാരാണെന്നും പൊലീസ് ഇനിയും വേട്ട തുടർന്നാൽ കോഴിക്കോട്ടും പൊട്ടിക്കും എന്ന് കത്തിൽ പറയുന്നു.

മാവോയിസ്റ്റുകളുടെ പേരിലാണ് ഭീഷണിക്കത്ത് വന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സിപിഐ(എം എൽ) റെഡ് ഫ്‌ളാഗിനുവേണ്ടി എന്നാണ് കത്തിൽ പറയുന്നത്.  ഭീഷണിക്കത്തിനെക്കുറിച്ച് സംസ്ഥാന ഇന്റലിജൻസും അന്വേഷണം ആരംഭിച്ചു. വയനാട്ടിൽനിന്നും ദിവസങ്ങൾക്ക് മുമ്പാണ് രണ്ട് മാവോയോസിറ്റുകളെ പിടികൂടിയത്. പിടികൂടിയവരിൽ നിന്ന് എ കെ 47 ഉൾപ്പെടെ തോക്കുകൾ പിടിച്ചെടുത്തിരുന്നു. തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ വെടിയുതിർത്ത് രക്ഷപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണ്.

ജില്ലാ കളക്ടർക്ക് മാവോയിസ്റ്റുകളുടെ പേരിൽ ഭീഷണിക്കത്ത് ലഭിച്ചതോടെ ജില്ലയിൽ പരിശോധനകളും സുരക്ഷയും ശക്തമാക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് അടുത്തയാഴ്ച നടക്കാനിരിക്കെ ഭീഷണിക്കത്തിനെ അതീവ ഗൗരവത്തോടെയാണ് അന്വേഷണ ഏജൻസികൾ കാണുന്നത്. കേന്ദ്ര ഏജൻസികളും ഭീഷണിക്കത്തിനെ കുറിച്ച് വിവരം ശേഖരിച്ചിട്ടുണ്ട്. മാവോയിസ്റ്റ് പ്രവർത്തകൻ തമിഴ്‌നാട് സ്വദേശി അനീഷ് ബാബു എന്ന തമ്പിയെ കഴിഞ്ഞ ആഴ്ച കൊയിലാണ്ടിയിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതെല്ലാം പരിഗണിച്ച് ജില്ലയിലൊട്ടാകെ ജാഗ്രതയിലാണ് പൊലീസ്.