കുമളി: കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഒരുകിലോ ഹാഷിഷ് ഓയിലുമായി മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍. ഗൂഡല്ലൂര്‍ സ്വദേശികളായ നടരാജന്‍, പ്രഭു, ലോവര്‍ക്യാമ്പ് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് ഗൂഡല്ലൂര്‍ പോലീസിന്റെ പിടിയിലായത്.

ഇവര്‍ ബൈക്കില്‍ ഗൂഡല്ലൂര്‍ കുമളി ബൈപ്പാസ് റോഡിലൂടെ കുമളിയിലേക്ക് വരുന്നതിനിടെ പോലീസ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തു കണ്ടെത്തിയത്. കുമളിയിലെത്തിച്ച് സംസ്ഥാനത്തെ വിവിധ ഇടങ്ങളിലേക്ക് വില്‍പ്പനയ്ക്ക് കൊണ്ടുപോകാനായിരുന്നു ഇതെന്ന് പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളില്‍നിന്നും പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന് അഞ്ച് ലക്ഷത്തോളം രൂപ വിലമതിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതി റിമാന്‍ഡുചെയ്തു.