തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കുന്നതിനിടയില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ റെഡ് സോണ്‍ പ്രഖ്യാപിച്ചെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. പ്രദേശത്ത് ഡ്രോണുകള്‍ പറത്തുന്നത് പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

ഇതേ തുടര്‍ന്നാണ് നഗരത്തിലെ സുപ്രധാന സ്ഥാപനങ്ങളും കേന്ദ്രങ്ങളും നോ-ഡ്രോണ്‍ സോണുകളായി ആക്കുന്നത്. കേരള നിയമസഭ, രാജ് ഭവന്‍, മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വസതികള്‍, പ്രതിപക്ഷ നേതാവിന്റെ വസതി, സെക്രട്ടേറിയറ്റ്, വിഴിഞ്ഞം ഹാര്‍ബര്‍, തുമ്പയിലെ ഐഎസ്ആര്‍ഒ, വലിയമലയിലെ എല്‍.പി.എസ്.സി, സതേണ്‍ എയര്‍ കമാന്‍ഡ്, ടെക്‌നോപാര്‍ക്ക്, പാങ്ങോട് മിലിറ്ററി ക്യാമ്പ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം തുടങ്ങി നിരവധി അത്യന്തം സുരക്ഷാ പ്രസക്തിയുള്ള സ്ഥലങ്ങളാണ് നിരോധിത പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്.

ഈ പ്രദേശങ്ങളിലെ രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഒരുവിധത്തിലും ഡ്രോണുകള്‍ പറത്താന്‍ അനുമതിയില്ല. മറ്റു മേഖലകളിലും ഡ്രോണ്‍ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്‍കൂര്‍ അനുമതി അനിവാര്യമാണ്. അനുമതിയില്ലാതെ ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി.

സുരക്ഷാകാരണങ്ങളാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും, പൊതുജനങ്ങള്‍ ഉദ്ദേശിച്ച സ്ഥലങ്ങളില്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നേടണമെന്നും അധികൃതര്‍ അറിയിച്ചു.