തൃശൂർ: ശക്തൻ നഗറിൽ കോർപറേഷൻ നിർമിച്ച ആകാശപാത (സ്കൈ വാക്ക്) നവീകരണത്തിന് ശേഷം വെള്ളിയാഴ്ച തുറക്കും. സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയാണിത്. നേരത്തെ

തന്നെ ആകാശപാത പൊതുജനങ്ങൾക്കായി തുറന്നിരുന്നു. സുരക്ഷ കാര്യങ്ങൾ ഉൾപ്പെടെ വിലയിരുത്തി അടച്ചിട്ടിരിക്കുകയായിരുന്നു. ശേഷം നവീകരണ പ്രവർത്തനങ്ങൾക്കായി വളരെ കാലമായി നവീകര പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ചില്ലുകൾ കൊണ്ട് വശങ്ങൾ സുരക്ഷിതമാക്കിയിട്ടുണ്ട്, കൂടാതെ ഉൾഭാഗം പൂർണമായും ശീതീകരിച്ചു. ഇതിലേക്ക് കയറാൻ ലിഫ്റ്റുകളും ക്രമീകരിച്ചിട്ടുണ്ട്.

പഴയ പട്ടാളം-ശക്തൻ തമ്പുരാൻ നഗർ റോഡ്, റിങ് റോഡ്, ശക്തൻ നഗർ റോഡ്, ശക്തൻ തമ്പുരാൻ ഹൈറോഡ് എന്നിവയെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്.

ശക്തൻ ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ്, പച്ചക്കറി മാർക്കറ്റ്, ശക്തൻ നഗർ മൈതാനം എന്നീ നാലു ഭാഗങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്കു പ്രവേശിക്കാം.

കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾ പ്പെടുത്തി വൃത്താകൃതിയിൽ നിർമിച്ച ആകാശപാതക്ക് 5.50 കോടി രൂപയാണ് ചെലവായത്. ആകാശപാതയുടെ മുകളിൽ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് എ.സി, ലൈറ്റുകൾ, ലിഫ്റ്റുകൾ എന്നിവ പ്രവർത്തിക്കുക.

നേരത്തെ, എട്ട് കോടി രൂപ ചെലവിട്ടാണ് നവീകരണം നടത്താൻ തീരുമാനിച്ചിരുന്നത്, എന്നാല്‍ ധൂര്‍ത്താണ് നടക്കുന്നതെന്നും വിജിലന്‍സ് അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ശക്തൻ നഗറിലെ ആകാശപാത നഗരവികസനത്തിൽ നിർണായകമായ പ്രവർത്തനമായി കണക്കാക്കിയിരുന്ന ആകാശപാത കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. ‌നഗരത്തിൽ ഏറ്റവും കൂടുതൽ‌ തിരക്ക് അനുഭവപ്പെടുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നായ ശക്തൻ നഗറിൽ ഒരുമിപ്പിക്കുന്ന നാലു റോഡുകളെയാണ് ആകാശപാത ബന്ധിപ്പിക്കുന്നത്.

പാത തുറക്കുന്നതോടെ തിരക്കേറിയ ശക്തനിലെ തെരുവുകളിലൂടെയുള്ള കാൽനടയാത്ര അവസാനിക്കുമെന്നാണ് കരുതുന്നത്. പ്രവർത്തനം ആരംഭിക്കുന്നതോടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാനമാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്.