ഡൽഹി: ട്രെയിനിൽ വെച്ച് പെട്ടെന്ന് വയോധികന് ഹൃദയാഘാതം സംഭവിച്ചു. പിന്നാലെ 65 വയസ്സുകാരനായ വയോധികന്റെ ജീവൻ രക്ഷിച്ച് ടിക്കറ്റ് ചെക്കർ. പതിനഞ്ച് മിനിട്ടോളം സിപിആർ നൽകിയാണ് ടി സി കരണ്‍ എന്ന വയോധികന്‍റെ ജീവൻ ടിടിഇ രക്ഷിച്ചത്. പവൻ എക്‌സ്‌പ്രസിൽ ദർഭംഗയിൽ നിന്നും വാരണാസിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.

ഉടനെ വയോധികൻ നെഞ്ചുവേദനയെ തുടർന്ന് പെട്ടെന്ന് കുഴഞ്ഞു വീഴുകയും ചെയ്തു. കൂടെയുണ്ടായിരുന്ന സഹോദരൻ ഉടനെ റെയിൽവെ അധികൃതരെ വിവരം അറിയിക്കുകയും. പിന്നാലെ ടിക്കറ്റ് ചെക്കർ സവിന്ദ് കുമാർ കരണിന്‍റെ കോച്ചിൽ എത്തുകയും ചെയ്തു.

ഇതിനിടെ സഹോദരൻ കുടുംബ ഡോക്ടറെ വിളിച്ചു. ഡോക്ടർ സിപിആർ നൽകാൻ ആവശ്യപ്പെടുകയും. തുടർന്ന് ടിക്കറ്റ് ചെക്കർ ഒട്ടും താമസിക്കാതെ സിപിആർ നൽകുകയായിരുന്നു. 15 മിനിട്ടോളം ശ്രമിച്ചാണ് 65കാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ട്രെയിൻ ഛപ്പാറ സ്റ്റേഷനിൽ എത്താൻ പോകുമ്പോഴാണ് സംഭവം നടന്നത്.

ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ മെഡിക്കൽ സംഘം എത്തിയ കരണിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇദ്ദേഹത്തിന്‍റെ നില ഇപ്പോൾ തൃപ്തികരമാണ്. സന്ദർഭത്തിനൊത്ത് പ്രതികരിച്ച ടിക്കറ്റ് ചെക്കറെ റെയിൽവെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹത്തെ പാരിതോഷികം നൽകി ആദരിക്കുമെന്ന് റെയിൽവെ അറിയിക്കുകയും ചെയ്തു.

പെട്ടെന്ന് നെഞ്ചുവേദനയോ ഹൃദയസ്തംഭനമോ ഉണ്ടാകുമ്പോൾ പ്രാഥമികമായി നൽകുന്ന ശുശ്രൂഷയാണ് സിപിആർ. തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള രക്തപ്രവാഹം തിരികെ എത്തിക്കാൻ സിപിആറിലൂടെ കഴിയും. കൈ ഉപയോഗിച്ച് നെഞ്ചിൽ ശക്തമായി അമർത്തി കൊണ്ടാണ് സിപിആർ നൽകുന്നത്.