സുൽത്താൻ ബത്തേരി: വയനാട്ടിൽ വീണ്ടും ആശങ്കയുണർത്തി കടുവയുടെ ആക്രമണം. ബത്തേരി ബീനാച്ചിയിൽ കടുവ വളർത്തു മൃഗങ്ങളെ കൊന്നു. ബീനാച്ചി കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ ആക്രമിച്ചത്. വിവരം ലഭിച്ചതിന് പിന്നാലെ വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.

അതേസമയം, മീനങ്ങാടിയിൽ ആടുകളെ കൊന്ന കടുവയാണ് ഇവിടെയും ആക്രമണം നടത്തിയതെന്ന് വനം വകുപ്പ് വ്യക്തമാക്കി. കടുവ ബീനാച്ചി എസ്റ്റേറ്റിനുള്ളിൽ ഉണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ പൂർണമായും കാടുമൂടിയ എസ്റ്റേറ്റിൽ തിരച്ചിൽ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടാണ് വനം വകുപ്പിന് മുന്നിലുള്ള വെല്ലുവിളി.