സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻ ബത്തേരി മൂലങ്കാവിൽ ജനവാസ മേഖലയിലിറങ്ങി ഭീതിവിതച്ച കടുവ കൂട്ടിൽ കുടുങ്ങി. എറളോട്ട്കുന്നിൽ കോഴിഫാമിന് സമീപം വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ കടുവ കുടുങ്ങിയത്. കടുവയെ പിടിക്കാനായി ചിറ്റാമാലിയിലെ തോട്ടത്തിലും കൂട് സ്ഥാപിച്ചിരുന്നു. കൂട്ടിൽ കുടുങ്ങിയ കടുവയെ വനംവകുപ്പിന്റെ പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

ദേശീയപാതയോരത്ത് മൂലങ്കാവിനും കല്ലൂരിനും ഇടയിലുള്ള ഭാഗത്താണ് പലയിടങ്ങളിലായി കടുവയെ കണ്ടിരുന്നത്. മൂലങ്കാവ് പ്രദേശം കടുവ ഭീതിയിൽ സന്ധ്യമയങ്ങുന്നതോടെ വിജനമാവുന്ന സാഹചര്യമായിരുന്നു.

തിങ്കളാഴ്ച സ്‌കൂൾ തുറക്കുംമുമ്പ് എങ്ങനെയും കടുവയെ പിടികൂടണമെന്ന് ശനിയാഴ്ച നൂൽപുഴ പഞ്ചായത്ത് ഓഫിസ് ഹാളിൽ ചേർന്ന സർവകക്ഷി അവലോകന യോഗം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. കടുവയെ പിടികൂടിയതോടെ പ്രദേശത്തുകാർക്ക് താൽക്കാലിക ആശ്വാസമായിരിക്കുകയാണ്. മുമ്പും നിരവധി തവണ മേഖലയിൽ കടുവയിറങ്ങിയിട്ടുണ്ട്.