തിരൂർ: മലപ്പുറം തിരൂർ പറവണ്ണ മുറിവഴിക്കലിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. മുറിവഴിക്കൽ ഇടിവെട്ടിയകത്ത് ഷാഫിയുടെ വീട്ടിലാണ് മോഷണം. 20 പവൻ സ്വർണവും 30,000 രൂപയും നഷ്ടപ്പെട്ടതായി ഷാഫി പൊലീസിൽ പരാതി നൽകി.

തൃശൂരിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായ ഷാഫി കുടുംബ സമേതം തൃശൂരിലാണ് തന്നെയാണ് താമസം. കഴിഞ്ഞ ദിവസം വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വൻ കവർച്ച നടന്നതായി ബോധ്യപ്പെട്ടു. വീട്ടിലെ സാധനങ്ങളും അലമാരകളിലെ വസ്ത്രങ്ങളും വാരിവലിച്ചിട്ട നിലയിലായിരുന്നു.

20 പവൻ സ്വർണവും 30000 രൂപയും നഷ്ടപ്പെട്ടുവെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്ത് മോഷണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.