തിരുവനന്തപുരം:ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുണ്ടാകില്ലെന്ന സൂചന നൽകി തൃശ്ശൂർ എംപി ടി.എൻപ്രതാപൻ.എംഎൽഎയായി പ്രവർത്തിച്ച കാലമാണ് ജനങ്ങളെ കൂടുതൽ സേവിക്കാനായത്.അതിനാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ മത്സരസ്ഥാനത്ത് നിന്ന് മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടി എൻ പ്രതാപൻ പറഞ്ഞു.തൃശൂരിൽ പകരക്കാരന്റെ പേര് തന്റെ മനസിലുണ്ട്. എന്നാൽ അക്കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാന്റായതിനാൽ തൽക്കാലം അത് പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രതാപൻ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് സമയമെത്തുമ്പോൾ നേതൃത്വം തന്നോട് അഭിപ്രായം ചോദിച്ചാൽ ജയ സാധ്യതയുള്ള സ്ഥാനാർത്ഥിയുടെ പേര് അറിയിക്കുമെന്നും പ്രതാപൻ പറഞ്ഞു.ആര് സ്ഥാനാർത്ഥിയാകണമെന്ന് നിശ്ചയിക്കുന്നത് പാർട്ടിയും ജനങ്ങളുമാണ്.സാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കുന്ന സ്ഥിയുണ്ടാകരുതെന്നും എൻഎസ്എസിന് മറുപടിയായി പ്രതാപൻ പറഞ്ഞു.കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെ, സമുദായത്തിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല. മതസാമുദായിക സംഘടനകൾ പാർട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.