തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. സംഭവത്തില്‍ ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. 60 വയസുളള ദാസിനിയാണ് മരിച്ചത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 49 പേരാണ് ബസിലുണ്ടായിരുന്നത്. കാട്ടാക്കട പെരുങ്കടവിളയില്‍ നിന്നും മൂന്നാറിലേക്ക് ടൂര്‍ പോയവരാണ് അപകടത്തില്‍പെട്ടത്.

പരിക്കേറ്റവരെ നെടുമങ്ങാട് ജില്ല ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഒരു പ്രദേശത്ത് നിന്നുള്ള നിരവധി ആളുകളാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ 27 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പെരുങ്കടവിള, കീഴാറൂര്‍ ,കാവല്ലൂര്‍ പ്രദേശത്ത് നിന്നുള്ള ബന്ധുക്കളും നാട്ടുകാരും ആയിട്ടുള്ള ആളുകള്‍ ആണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. അതില്‍ കൂടുതലും കാവല്ലൂര്‍ പ്രദേശത്തെ ആളുകളാണ്. മരിച്ച ദാസനിയും കാവല്ലൂര്‍ സ്വദേശിനിയാണ്. മൂന്നാറിലേക്ക് യാത്ര പോയതായിരുന്നു ഇവര്‍. യാത്ര ആരംഭിച്ച് കുറച്ച് സമയത്തിന് ശേഷം തന്നെ അപകടം സംഭവിക്കുകയായിരുന്നു. 49 പേരെയും പുറത്ത് എത്തിച്ചുവെന്നാണ് പ്രാഥമികമായിട്ടുള്ള വിവരം.

നെടുമങ്ങാട് ഇരിഞ്ചയത്ത് അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നാണ് അപകടം സമയം അടുത്തുണ്ടായിരുന്നവര്‍ പറയുന്നത്. വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വളവ് തിരിഞ്ഞശേഷമാണ് ബസ് മറിഞ്ഞത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

അതേസമയം ബസ് പൂര്‍ണ്ണമായും ഉയര്‍ത്തിയതിന് ശേഷം മാത്രമേ ആരെങ്കിലും കുടുങ്ങിക്കിടന്നുണ്ടോ എന്ന് വ്യക്തമാകുകയുള്ളൂ. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അപകടം നടന്ന ഉടനെ തന്നെ പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഓടിയെത്തിയിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 17 പേരെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

പൊലീസും ഫയര്‍ഫോഴ്‌സും ബസ് ക്രെയിനുപയോഗിച്ച് ഉയര്‍ത്തി. ബസിനടിയില്‍ ആരും അകപ്പെട്ടിട്ടില്ല എന്നാണ് അപകടത്തെക്കുറിച്ച് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. എല്ലാവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7 കുട്ടികളെ എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ച ദാസിനിയുടെ ഇളയ മകനും ഭാര്യയും പേരക്കുട്ടികളും മൂത്ത മകന്റെ ഭാര്യയും ബസ്സില്‍ ഉണ്ടായിരുന്നു. അമിത വേഗം ആണ് അപകട കാരണം എന്ന് യാത്രക്കാര്‍ പറയുന്നുണ്ട്. പരിക്കേറ്റവര്‍ക്ക് എല്ലാ വിധ ചികിത്സയും നല്‍കുമെന്ന് സംഭവസ്ഥലത്തെത്തിയ മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.