കണ്ണൂർ: കണ്ണൂരിൽ ട്രെയിനിന് കല്ലേറ് നടത്തിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മംഗ്ളൂര് - തിരുവനന്തപുരം ഏറനാട് എക്സ്പ്രസിന് നേരെ വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് കല്ലേറ് നടന്നത്.

കോഴിക്കോട് ചേളന്നൂർ പാലത്ത് സ്വദേശി മുട്ടേരി ഹൗസിൽ സാദിഖലി (30), മാഹി അഴിയൂർ സ്വദേശി അലീഖറിൽ മൊയ്തു (53) എന്നിവരാണ് അറസ്റ്റിലായത്. ട്രെയിനിൽ സാധനങ്ങൾ വിൽപന നടത്തുന്നവരാണിവർ. ട്രെയിൻ പ്ലാറ്റ്ഫോമിൽ എത്തിയ സമയം ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും തുടർന്ന് കല്ലേറ് നടത്തുകയുമായിരുന്നു. ട്രെയിനിന് നേരെയാണ് കല്ല് പതിച്ചത്. യാത്രക്കാർക്ക് പരിക്കേറ്റതായി വിവരമില്ല. ട്രെയിൻ വടകരയിൽ എത്തിയപ്പോഴാണ് ആർ.പി.എഫ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ആർ.പി.എഫ് കേസെടുത്ത ശേഷം ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. കാസർകോട് മുതൽ മംഗ്ളൂര് വരെ ട്രെയിനുകൾക്കു നേരെ കല്ലേറ് വ്യാപകമായി തുടരുന്ന സാഹചര്യത്തിൽ റെയിൽവെസ്റ്റേഷനുകളിലും പാളങ്ങളിലും റെയ്ഡും പരിശോധനയും ശക്തമാക്കുമെന്ന് റെയിൽവെ പൊലിസ് അറിയിച്ചു. വടകര ആർ.പി. എഫിന്റെ സ്പെഷ്യൽ സ്‌ക്വാഡ് ട്രെയിനുകളിലെ കംപാർട്ടുമെന്റുകളിലും പരിശോധന നടത്തിവരുന്നുണ്ട്.

ഒരാഴ്‌ച്ച മുൻപ് കണ്ണൂർ റെയിൽവെ സ്റ്റേഷനുസമീപമുള്ള പാറക്കണ്ടിയിൽ ഒരുദിവസം ഒരേസമയം രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞ ഒഡീഷ സ്വദേശിയായ യുവാവിനെ അറസ്റ്റു ചെയ്തിരുന്നു. ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്.മദ്യലഹരിയിൽ ട്രെയിനിന് കല്ലെറിഞ്ഞുവെന്നാണ് ഇയാൾ പൊലിസിന് നൽകിയ മൊഴി.-