കൊച്ചി: കനത്ത കാറ്റിലും മഴയിലും ഇടപ്പള്ളിയിൽ ഇലക്ട്രിക് കേബിളുകൾ പൊട്ടിയതിനെ തുടർന്ന് കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി. വൈകിട്ട് ആറരയോടെ പെയ്ത മഴയിലും കനത്ത കാറ്റിലും മരങ്ങൾ ഒടിഞ്ഞും കടപുഴകിയും ട്രാക്കുകൾക്ക് സമീപത്തെ വൈദ്യുത ലൈനുകളിലേക്ക് വീണതാണ് ഇവ പൊട്ടാൻ കാരണം. ശക്തമായ കാറ്റിലും മഴയിലും വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു.

എറണാകുളം നോർത്തിനും ആലുവ സ്റ്റേഷനുമിടയിൽ വൈദ്യുതി തകരാർ നേരിട്ടതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കളമശേരിക്ക് അടുത്ത് മരം മുറിഞ്ഞുവീണ് വൈദ്യുതി ലൈനുകൾ പൊട്ടിയതാണ് കാരണമെന്നാണ് റെയിൽവെ അധികൃതർ പറയുന്നത്. വൈകിട്ട് ആറരയോടെയാണ് അപകടം നടന്നത്. ഇതേ തുടർന്ന് മണിക്കൂറുകളോളമായി ഇതുവഴി തെക്കോട്ടും വടക്കോട്ടും പോകേണ്ട ട്രെയിനുകൾ പല സ്റ്റേഷനുകളിലായി പിടിച്ചിടുകയായിരുന്നു.

തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദിയാണ് ആദ്യം പിടിച്ചിട്ട ട്രെയിൻ. എറണാകുളത്ത് നിന്ന് മുന്നോട്ട് പോയ ട്രെയിൻ ട്രാക്കിൽ പുതുക്കലവട്ടം ഭാഗത്താണ് നിർത്തിയത്. ഇടയ്ക്ക് ഇതിനകത്ത് വൈദ്യുതി ബന്ധവും നഷ്ടമായി. ഇതോടെ ചൂട് കാരണം യാത്രക്കാർ ട്രാക്കിലിറങ്ങി നിന്നു. എന്നാൽ യാത്രക്കാർക്ക് ആർക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തതയുണ്ടായിരുന്നില്ല. അതിനിടെ നിലമ്പൂർ-കോട്ടയം പാസഞ്ചർ, കൊച്ചുവേളി - യശ്വന്ത്പൂർ ഗരീബ് രഥ് എക്സ്‌പ്രസ് തുടങ്ങിയ വേറെയും ട്രെയിനുകളും എറണാകുളത്തെ വിവിധ സ്റ്റേഷനുകളിലായി പിടിച്ചിട്ടു.

വൈദ്യുതി ബന്ധത്തിലുണ്ടായ തകരാർ പരിഹരിക്കാൻ റെയിൽവെ അധികൃതർ ശ്രമിക്കുന്നുണ്ട്. പുതുക്കലവട്ടത്ത് ട്രാക്കിൽ നിർത്തിയിട്ട തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ഡീസൽ എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് നീങ്ങി. നിലമ്പൂർ - കോട്ടയം പാസഞ്ചർ ട്രെയിൻ ഇതിനിടെ ആലുവ ഭാഗത്ത് നിന്ന് ഇടപള്ളി സ്റ്റേഷൻ കടന്ന് മുന്നോട്ട് പോയി.