- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ പോലീസുകാർക്കെതിരെ നടപടി; ഒരു സീനിയർ സിവിൽ പോലീസ് ഓഫീസർ ഉൾപ്പെടെ അഞ്ച് പേർക്ക് സ്ഥലം മാറ്റം
കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഞ്ച് പോലീസുകാർക്കെതിരെ നടപടി. ഇവരെ കണ്ണൂർ സിറ്റിയിലേക്ക് സ്ഥലം മാറ്റി. ഒരു സീനിയർ സിവിൽ പോലീസ് ഓഫീസറെയും നാല് സിവിൽ പോലീസ് ഓഫീസർമാരെയും സ്ഥലം മാറ്റിയത്. പത്രപ്രവർത്തകനെ അക്രമിച്ചവർക്കെതിരെ നടപടി വേണമെന്ന് സിപിഎം ആവശ്യപെട്ടതിനു പിന്നാലെയായിരുന്നു നടപടി. ദേശാഭിമാനി ലേഖകനെയും സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് സെക്രട്ടറിയെയും പോലീസ് മർദിച്ചെന്ന പരാതിയിലാണ് നടപടി.
മട്ടന്നൂർ പോളിടെക്നിക് കോളേജിലെ തെരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ദേശാഭിമാനി ലേഖകൻ ശരത് മർദ്ദനമേറ്റെന്നായിരുന്നു പരാതി. പോലീസ് കാരണമില്ലാതെ പിടികൂടി ക്രൂരമായി മർദിച്ചെന്നായിരുന്നു പത്രപ്രവർത്തകന്റെ ആരോപണം. തിരിച്ചറിയൽ കാർഡ് കാണിച്ചിട്ടും ഭീകരവാദിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്നും. വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി മർദിച്ചെന്ന് ശരത് ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചോറ്റുപട്ടാളത്തെപ്പോലെ എസ്എഫ്ഐ പ്രവർത്തകർക്കും തനിക്കുമെതിരെ പോലീസ് അക്രമം അഴിച്ചുവിട്ടെന്നും, അക്രമകാരികൾക്കെതിരെ പാർട്ടി നടപടിയെടുക്കുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും ഫേസ്ബുക് പോസ്റ്റിൽ ശരത് പറഞ്ഞിരുന്നു. കോളേജ് തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചിരുന്നു. തുടർന്ന് നടന്ന പ്രകടനത്തിനിടെയാണ് വെള്ളിയാഴ്ച വൈകീട്ട് സംഘർഷമുണ്ടായത്. ഇതേ തുടർന്ന് സ്ഥലത്ത് പോലീസ് തമ്പടിച്ചിരുന്നു.