- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മരം വെട്ടുന്നതിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് പരിക്ക്; സംഭവം ആലപ്പുഴയില്‍
ആലപ്പുഴ: മരംവെട്ടുന്നതിനിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഒരാള്‍ ദാരുണമായി മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വീയപുരം ഡാണാപ്പടി വലിയപറമ്പില്‍ പടീറ്റതില്‍ ബിനു തമ്പാന്‍ (47) ആണ് മരണപ്പെട്ടത്. ഇയാളുടെ കൂടെ ജോലിക്കെത്തിയ മഹേഷ് കുമാറിനാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കാരിച്ചാലിലെ ഒരു വീടിന്റെ പറമ്പില്‍ ആഞ്ഞിലി മരം മുറിക്കാനായിരുന്നു ഇരുവരും എത്തിയിരുന്നത്. ആദ്യം തെളിഞ്ഞിരുന്ന കാലാവസ്ഥ പെട്ടെന്ന് മൂടിക്കെട്ടുകയും ചെറുചാറ്റല്‍മഴ പെയ്യുകയും ചെയ്തു. മഴ ശക്തമല്ലാത്തതിനാല്‍ ഇരുവരും ജോലി തുടരുകയായിരുന്നു.
അപ്രതീക്ഷിതമായ ഇടിയും മിന്നലുമാണ് അപകടത്തിലേക്ക് നയിച്ചത്. ഇടിമിന്നലേറ്റ് ബിനു തമ്പാന്‍ ഉടനെ നിലത്തുവീണു. ദേഹത്ത് പൊള്ളലേറ്റ പാടുകളും വീഴ്ചയിലുണ്ടായ പരിക്കുകളും ഉണ്ടായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുമ്പേ അദ്ദേഹം മരിച്ചു. മഹേഷ് കുമാര്‍ മരത്തില്‍നിന്ന് വീണ് മതിലില്‍ തലയിടിച്ച് പരിക്കേറ്റു. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിനു തമ്പാനെ ഉടനേ ഹരിപ്പാട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തിലും മിന്നലേറ്റതിന്റെ സൂചനയാണു ലഭിച്ചതെന്ന് പോലീസ് പറയുന്നു.
ഇടിവെട്ടിയ ശബ്ദം ഹരിപ്പാട്ടും സമീപപ്രദേശങ്ങളിലും കേട്ടിരുന്നു. മഴയില്ലാത്തതിനാല്‍ ഇടിവെട്ടിയതാണെന്ന് ആളുകള്‍ തിരിച്ചറിഞ്ഞിരുന്നില്ല. ബിനുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ബന്ധുക്കള്‍ക്ക് കൈമാറി. ഭാര്യ റീനയും മക്കളായ സ്‌നേഹാ ബിനുവും അലന്‍ ബിനുവുമാണ് ശേഷിക്കുന്നത്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് മൂന്ന് മണിക്ക് നടക്കും.