നീലേശ്വരം: അനധികൃത ബൈക്ക് പാർക്കിംഗ് മൂലം നീലേശ്വരം റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗത സ്തംഭനം. മേൽപ്പാലത്തിന് അടിയിലായി നൂറുകണക്കിന് ബൈക്കുകൾ ദിനംപ്രതി നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നതാണ് പ്രശ്നങ്ങൾക്ക് ഇടയാക്കുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് സ്ലീപ്പറുകൾ കൊണ്ടുപോവുകയായിരുന്ന ലോറി ഇത്തരത്തിൽ പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കാരണം മേൽപ്പാലത്തിനടിയിൽ മണിക്കൂറോളം കുടുങ്ങിക്കിടന്നു.

റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളിൽ പോലും ബൈക്കുകൾ കൂട്ടത്തോടെ പാർക്ക് ചെയ്യുന്നതിനാൽ മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. റെയിൽവേ സ്റ്റേഷൻ റോഡ് കൈയേറിയുള്ള ഈ പാർക്കിംഗ് കാൽനടയാത്രക്കാർക്കും യാത്രാ വാഹനങ്ങൾക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഇവിടെ പാർക്കിംഗ് നിരോധിച്ചിട്ടുണ്ടെന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് അവഗണിച്ച് ബൈക്കുകൾ പാർക്ക് ചെയ്യുന്നതായി കാണാം.

സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ ഓട്ടോ ഡ്രൈവർമാർ ഇടപെട്ട് റോഡിലേക്ക് കയറ്റിവെച്ചിരുന്ന ബൈക്കുകൾ മാറ്റിയാണ് ലോറിക്ക് വഴി ഒരുക്കിയത്. നഗരസഭയും പോലീസും ഈ അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. ഓട്ടോ തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നേതാവ് ഒ.വി. രവീന്ദ്രൻ, നിയമലംഘനം നടത്തുന്ന ബൈക്ക് ഉടമകൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.