പാലക്കാട്: അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തി ടിക്കറ്റ് പരിശോധകരുടെ വിശ്രമമുറികൾ നവീകരിക്കണമെന്ന റെയിൽവേ ബോർഡ് നിർദ്ദേശം പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ടിക്കറ്റ് പരിശോധകർ പ്രക്ഷോഭം ശക്തമാക്കുന്നു. വിവിധ ട്രേഡ് യൂനിയനുകളുടെ ഭാരവാഹികൾ പാലക്കാട് ഡിവിഷനിൽ സംയുക്ത ആക്ഷൻ കൗൺസിലിന് രൂപം നൽകി.

എല്ലാ ടി.ടി.ഇ റെസ്റ്റ് റൂമുകളിലും എയർ കണ്ടീഷനിങ്, കുടിവെള്ളം, സബ്‌സൈഡിസഡ് ഫുഡ് , വനിത ടി.ടി.ഇമാർക്ക് പ്രത്യേകം വിശ്രമമുറികൾ സജ്ജമാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം ഡിവിഷനൽ റെയിൽവേ മാനേജർക്ക് നൽകിയതായി ഭാരവാഹികൾ പറഞ്ഞു.സത്തേൺ റെയിൽവേ മസ്ടൂർ യൂണിയന്റെ നേതൃത്വത്തിൽ റെയിൽവേ ടിക്കറ്റ് ചെക്കിങ് സ്റ്റാഫ് ഓർഗനൈസെഷൻ, എംപ്ലോയീസ് സംഘ്, ദക്ഷിണ റെയിൽവേ എംപ്ലോയീസ് യൂനിയൻ, ഒ.ബി.സി റെയിൽവേ എംപ്ലോയീസ് അസോസിയേഷൻ, ടിക്കറ്റ് എക്‌സാമിനേഴ്‌സ് വെൽഫെയർ ഫോറം എന്നീ യൂനിയനുകളാണ് സംയുക്ത ആക്ഷൻ കൗൺസിലിലുള്ളത്.

മെയ്‌ ഒന്നിന് പാലക്കാട്, ഷൊർണൂർ, കണ്ണൂർ, മംഗലാപുരം സ്റ്റേഷനുകളിൽ ടി.ടി.ഇമാർ വിശ്രമമുറികൾ ബഹിഷ്‌കരിച്ച് പ്ലാറ്റ്‌ഫോമിൽ കിടന്ന് പ്രതിഷേധിക്കുമെന്ന് ഭാരവാഹികളായ പി. ആർ. ശശികുമാർ,കെ.ശ്രീകുമാർ,ഉണ്ണികൃഷ്ണൻ, മുജീബ് റഹ്‌മാൻ, കെ.കെ. കിരൺദാസ്, അറിയിച്ചു.