- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഫോടക വസ്തു എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസ്: ടർബിൻ സ്റ്റാൻലിയുടെ റിമാന്റ് കാലാവധി നീട്ടി
തിരുവനന്തപുരം: സ്‌ഫോടക വസ്തു എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസിൽ സ്ഥിരം കുറ്റവാളി ജാംഗോ കുമാറിന്റെ കൂട്ടാളി വെട്ടുകാട് സ്വദേശി ടർബൻ സ്റ്റാൻലിയുടെ റിമാന്റ് ജനുവരി 1 വരെ ദീർഘിപ്പിച്ച് ജയിലിലേക്കു തിരിച്ചയച്ചു. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണുത്തരവ്. 2023 മെയ് മാസം പേട്ട പൊലീസ് സ്റ്റേഷനതിർത്തിയിൽ മധ്യവയസ്‌ക്കന്റെ വീട്ടു കോംപൗണ്ട് മതിലിൽ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞ് പതിനായിരം രൂപയുടെ നാശനഷ്ടം സംഭവിപ്പിച്ചുവെന്നാണ് കേസ്. മെയ് 22 നാണ് ടർബനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
ജാംഗോ കുമാറിന്റെ സംഘാംഗങ്ങളും കൂട്ടാളികളുമായ രാജൻ മകൻ സജിൻ , അജയകുമാർ മകൻ അഖിൽ , സ്റ്റാലിൻ തോമസ് മകൻ റോഷൻ സ്റ്റാലിൻ , സലിം മകൻ സഫർ , വെട്ടുകാട് ബാലനഗർ സ്വദേശി ടർബൻ സ്റ്റാൻലി (21) എന്ന നവീൻ എന്നിവരാണ് ബോംബേറ് കേസിലെ 1 മുതൽ 5 വരെയുള്ള പ്രതികൾ. മാരക മയക്കുമരുന്നുകളും മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമായി ജാംഗോ കുമാറടക്കമുള്ള അഞ്ചംഗ സംഘത്തെ 2022 ഫെബ്രുവരി 05 ന് പിടികൂടിയിരുന്നു.
നിരവധി ക്രിമിനൽകേസുകളിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കൊച്ചുവേളി വിനായകനഗർ പുതുവൽ പുത്തൻ വീട്ടിൽ ജാംഗോകുമാർ എന്ന് വിളിക്കുന്ന അനിൽകുമാർ (37), വെട്ടുകാട് ബാലനഗർ ടൂർണമെന്റ് ഹൗസിൽ ടർബൻ സ്റ്റാൻലി എന്ന നവീൻ (20 ), വെട്ടുകാട് സ്വദേശി വിജീഷ് (23), കരിക്കകം പുതുവൽപുത്തൻ വീട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന നിധിൻ (18), കാഞ്ഞിരംകുളം പുല്ലുവിള പി.പി വിളാകം പുരയിടത്തിൽ ക്രിസ്റ്റി എന്ന് വിളിക്കുന്ന വർഗീസ് (25) എന്നിവരെയാണ് അന്ന് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാംഗോകുമാറിന്റെനേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വെട്ടുകാട് ബാലനഗറിലെ വീട്ടിൽ മയക്കുമരുന്ന് ഉപയോഗിച്ചു വരുന്നതായി വലിയതുറ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. ബോംബ് നിർമ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളും മറ്റ് സാമഗ്രികളും അന്ന് പിടിച്ചെടുത്തു. സംഘത്തലവനായ ജാംഗോകുമാറിന്റെപേരിൽ വിവിധ സ്റ്റേഷനുകളിൽ വധശ്രമം, സ്ഫോടകവസ്തു നിയമം, ആയുധ നിരോധനം, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. പൊലീസിന് നേരെബോംബ് എറിഞ്ഞകേസിലും ഇയാൾ പ്രതിയാണ്.