പത്തനംതിട്ട: ഇടവേളയ്ക്ക് ശേഷം പമ്പയാറ്റിൽ മണൽഖനനം വ്യാപിക്കുന്നു. ആലപ്പുഴ ജില്ലയിൽ നിന്നും എൻജിൻ ഘടിപ്പിച്ച വെള്ളത്തിൽ പമ്പയാറ്റിൽ വന്ന് അനധികൃതമായി മണൽ വാരിക്കൊണ്ടു പോയ രണ്ടുപേരെ ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ പല്ലന പാനൂർ കിഴക്കേതിൽ വീട്ടിൽ ബിനു (46), കരുവാറ്റ വലിയപറമ്പിൽ വീട്ടിൽ കണ്ണൻ എന്ന വിളിക്കുന്ന വിഷ്ണു (22) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ ഒരു മണിയോടുകൂടി ആറാട്ടുപുഴ കടവിന് സമീപത്തു നിന്നാണ് ഇവർ പിടിയിലായത്.

പമ്പയാറ്റിൽ മണൽ വാരുന്നതായി വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ ആണ് ഇവരെ പിടികൂടിയത്. ഇവർക്കെതിരെ കേരള നദീതട സംരക്ഷണ നിയമം പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിച്ചെടുത്ത വള്ളവും എൻജിനും മണലും കണ്ടു കെട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും വള്ളത്തിന്റെ ഉടമസ്ഥനെയും മണൽവാരലിന് സഹായം നൽകിയ സ്ഥലവാസികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കും.

ആറന്മുള പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിൽ എസ്ഐ അലോഷ്യസ് , ഹരീന്ദ്രൻ നായർ , എഎസ് ഐ അജി, എസ് സി പി ഓ , പ്രദീപ്,സലിം, നാസർ, രാജഗോപാൽ, വിനോദ് ,സുനജൻ, പ്രമോദ്, ഷൈജു, എന്നിവർ അടങ്ങിയ സംഘമാണ് മണൽക്കടത്ത് പിടികൂടിയത്.

ഒരു കാലത്ത് അനധികൃത മണൽ വാരലുകാരുടെ ഇഷ്ടസ്ഥലമായിരുന്നു പമ്പയാർ. നിരോധനം വന്നിട്ടും പമ്പയാറ്റിൽ മണൽ വാരുന്നതിന് കുറവുണ്ടായിരുന്നില്ല. നദിയുടെ അടിത്തട്ട് കുഴിഞ്ഞ്് ആഴമേറുകയും ചെയ്തിരുന്നു. 2018 ലെ മഹാപ്രളയത്തിന് ശേഷം മണ്ണടിഞ്ഞ് പൂർവ സ്ഥിതിയിലായി. ഇതാണ് നദിയുടെ പല ഭാഗങ്ങളിലായി ഇപ്പോൾ അനധികൃതമായി വാരിക്കൊണ്ടിരിക്കുന്നത്.