കൊച്ചി: കൊച്ചി കുമ്പളത്ത് യുവാവിനെ ആളുമാറി ആക്രമിച്ച സംഭവത്തിൽ രണ്ട് പേരെ പനങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. ചേപ്പനം കടമ്പള്ളിൽ വീട്ടിൽ ആദർശ് കൃഷ്ണൻ (24), തൃപ്പൂണിത്തുറ ഏരൂർ സ്വദേശി പറമ്പിൽ വീട്ടിൽ ആദിത്യൻ (19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി കുമ്പളത്തെ ഒരു നൈറ്റ് കടയിൽ ചായ കുടിക്കാൻ എത്തിയ യുവാവിനെയാണ് പ്രതികൾ പ്രകോപനമില്ലാതെ ആക്രമിച്ചത്.

അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ യുവാവ് സ്വയം പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും, പ്രതികൾ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവശേഷം കടന്നുകളഞ്ഞ പ്രതികളെ പോലീസ് സംഘം അതിവേഗത്തിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒന്നാം പ്രതിയായ ആദർശ് കൃഷ്ണനെതിരെ തട്ടിക്കൊണ്ടുപോകൽ, അടിപിടി, കഞ്ചാവ് ഉപയോഗം തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. രണ്ടാം പ്രതിയായ ആദിത്യനെതിരെ അമ്പലമേട്, എടത്തല പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പനങ്ങാട് എസ്എച്ച്ഒ വിപിൻ ദാസിന്റെ നേതൃത്വത്തിൽ എസ്ഐ റഫീഖ്, പോലീസ് ഉദ്യോഗസ്ഥരായ അരുൺരാജ്, ശ്രീജിത്ത് എം, രജീഷ് ഉപേന്ദ്രൻ, അരവിന്ദ് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.