ആലപ്പുഴ: ആലപ്പുഴയിൽ പല്ലനയാറ്റിൽ കുളിക്കാൻ വേണ്ടി ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച നിലയിൽ. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെൻട്രൽ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആൽഫിൻ ജോയ് (13) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം നടന്നത്. പല്ലനപാലത്തിന് സമീപത്തെ പുഴയിലാണ് കുട്ടികൾ കുളിക്കാനായി ഇറങ്ങിയത്.

രണ്ട് സംഘങ്ങളിലായി ആറ് വിദ്യാർത്ഥികൾ പുഴയില്‍ കുളിക്കുന്നതിനിടെയായിരുന്നു അപകടം. പുഴയിൽ കുളിക്കുന്നതിനിടെ അഭിമന്യുവിനെയും ആൽഫിനെയും കാണാതാവുകയായിരുന്നു. ഇവർ മുങ്ങി താഴുന്നത് ശ്രദ്ധയിൽപ്പെട്ട ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചു.

പക്ഷെ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.സ്ഥലത്ത് പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.