തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ ലീഗിന്റെ വഴിയേ യുഡിഎഫ്. ചാൻസലർ ബില്ലിനെ യുഡിഎഫ് എതിർത്തെങ്കിലും ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. മുന്നണി നേതാക്കളുടെ യോഗത്തിലാണ് ഗവർണറെ ശക്തമായി എതിർക്കാൻ തീരുമാനിച്ചത്. മുസ്ലിം ലീഗ് ഗവർണർക്കെതിരെ നിലപാട് കടുപ്പിച്ചതോടെ കോൺഗ്രസിനും ആ വഴിക്ക് വരേണ്ടി വന്നു. മുസ്ലിം ലീഗിന്റെ നിലപാട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റാൻ നിയമസഭയ്ക്ക് അധികാരമുണ്ടെങ്കിലും പകരം കൊണ്ടുവരുന്ന സംവിധാനത്തിൽ നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷം നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ചാൻസലറുടെ ഒഴിവ് ഉണ്ടായാൽ താൽക്കാലികമായി പ്രോ വൈസ് ചാൻസലർക്ക് അധികാരം നൽകാമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ കാലാവധിയിൽ മാത്രമേ പ്രോ വൈസ് ചാൻസലർക്ക് അധികാരത്തിൽ ഇരിക്കാൻ കഴിയൂ എന്നാണ് യുജിസി നിയമം. ചാൻസലർ ഇല്ലാതായാൽ പ്രോ വൈസ് ചാൻസലറും ഇല്ലാതാകും. യുജിസിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി സംസ്ഥാന നിയമം ഉണ്ടെങ്കിൽ യുജിസി നിയമമാണ് നടപ്പിലാക്കേണ്ടതെന്നു സുപ്രീം കോടതി ഉത്തരവുണ്ട്. കേന്ദ്ര നിയമത്തിനു വിരുദ്ധമായി സംസ്ഥാന നിയമം നിൽക്കില്ല. അതാണ് സുപ്രീംകോടതി വിധിയെ തുടർന്ന് വിസിമാർക്ക് പുറത്തു പോകേണ്ടിവന്നത്.

പുതുതായി നിയമിക്കപ്പെടുന്ന ചാൻസലറുടെ കാര്യാലയം സർവകലാശാല ആസ്ഥാനമായിരിക്കുമെന്നാണ് ബില്ലിൽ പറയുന്നത്. ചാൻസലറുടെ ഓഫിസ് ചെലവുകൾ സർവകലാശാലയുടെ ഫണ്ടിൽ നിന്ന് ചെലവാക്കേണ്ടിവരും. ഫിനാഷ്യൽ മെമോറാണ്ടത്തിൽ അത് ഉൾപ്പെടുത്തിയിട്ടില്ല. മെമോറാണ്ടം അപൂർണമായതിനാൽ ഈ ബിൽ അവതരിപ്പിക്കാൻ കഴിയില്ലെന്നു വി ഡി സതീശൻ നിലപാട് സ്വീകരിച്ചു.