കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം മജീദ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി . പരിക്കേറ്റ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷെമീർ പനയ്ക്കലിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊലീസിന്റെ അതിക്രമത്തിനെതിരെ വൈകിട്ട് - 5 ന് കോതമംഗലത്ത് യുഡിഎഫി ന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തുമെന്ന് നേതാക്കൾ അറിയിച്ചു. രണ്ടര വർഷത്തെ ഭരണത്തിൽ പഞ്ചായത്തിൽ നടന്നിട്ടുള്ള അഴിമതികൾ ചൂണ്ടിക്കാട്ടിയാണ് യൂഡിഎഫ് ഉപരോധ സമരം സംഘടിപ്പിച്ചത്.

കനാൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പ്രതിഷേധ മാർച്ച് പൊലീസ് പഞ്ചായത്ത് ഓഫീസിന് സമീപം തടഞ്ഞു. തുടർന്നാണ് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്, സംഘർഷത്തിൽ ഉദ്ഘാടകനായ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഷെമീർ പനയ്ക്കലിനെ പരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുയായിരുന്നു.

പിന്നീട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ ഉപരോധ സമരം ഉൽഘാടനം ചെയ്തു. യുഡിഎഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ കെ.എം കുഞ്ഞുബാവ അധ്യക്ഷനായി. എം.വി റെജി, കെ.എം. ആസാദ്, അലി പടിഞ്ഞാറേച്ചാലിൽ, മുഹമ്മദ് കൊളത്താപ്പിള്ളി, സി.കെ. സത്യൻ,പരീത് പട്ടമ്മാവുടി, എം.എ. കരിം,പി.എ. ഷിഹാബ്, ഷമീർ പാറപ്പാട്ട്, വാസിഫ് ഷാഹുൽ, അജീബ് ഇരമല്ലൂർ, അബു കൊട്ടാരം, മിരാൻ ചാമാക്കാലായിൽ, ചന്ദ്രലേഖ ശശിധരൻ, രഹന നൂറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.