- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്നും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയക്കുണ്ടെന്നും രജിസ്ട്രാർ; പ്രിയാ വർഗ്ഗീസ് വിവാദത്തിൽ യുജിസിയെ തള്ളി കണ്ണൂർ സർവകലാശാല
കൊച്ചി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുജിസി നിലപാട് തള്ളി സർവകലാശാല. പ്രിയാ വർഗീസിനെ പരിഗണിച്ചത് മതിയായ യോഗ്യതകളുടെ അടിസ്ഥാനത്തിലാണെന്നും അസോസിയേറ്റ് പ്രൊഫസർ തസ്തികയ്ക്ക് വേണ്ട യോഗ്യതകൾ പ്രിയക്കുണ്ടെന്നും രജിസ്ട്രാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. പ്രിയാ വർഗീസിന്റെ നിയമനം ചോദ്യം ചെയ്തുള്ള ഹർജി അപക്വമെന്നാണ് മറ്റൊരു ആരോപണം.
ഹർജി തള്ളണമെന്നും റാങ്ക് ലിസ്റ്റ് പ്രകാരം നിയമന നടപടികൾ ആയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ സർവകലാശാല രജിസ്ട്രാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ വർഗീസിന്റെ നിയമനത്തിൽ നിയമ ലംഘനം നടന്നിട്ടില്ലെന്നാണ് ഇതിലൂടെ സർവകലാശാല വ്യക്തമാക്കുന്നത്. പ്രിയ വർഗീസിന്റെ നിയമനം മരവിപ്പിച്ച നടപടി ഹൈക്കോടതി വീണ്ടും നീട്ടിയിരിക്കുകയാണ്. പ്രിയ വർഗീസ് നടത്തിയ ഗവേഷണ കാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും ചട്ടപ്രകാരം യോഗ്യതയില്ലെന്നും യുജിസി കോടതിയെ അറിയിച്ചിരുന്നു.
പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രോഫസർ ആക്കാനുള്ള സർക്കാർ നീക്കം ചോദ്യം ചെയ്ത് റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസർ ജോസഫ് സ്‌കറിയ നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. പ്രിയ വർഗീസിന് യുജിസി ചട്ടപ്രകാരമുള്ള അദ്ധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസി അറിയിച്ചു.
സ്റ്റുഡന്റ് ഡയറക്ടർ തസ്തിക അദ്ധ്യാപനവുമായോ ഗവേഷണവണവുമായോ ബന്ധപ്പെട്ടതാണെങ്കിൽ മാത്രമേ യോഗ്യതയായി കണക്കാക്കാൻ കഴിയൂ. സർവ്വകലാശാല ചട്ടം അനുസരിച്ച് സ്റ്റുഡന്റ് ഡീൻ അനധ്യാപക തസ്തികയാണെന്നുമായിരുന്നു യുജിസി നിലപാട്. സത്യാവങ്മൂലം പരിശോധിച്ച കോടതി പ്രിയ വർഗീസിനോട് അടുത്ത മാസം 20 നുള്ളിൽ മറുപടി നൽകാൻ നിർദ്ദേശം നൽകി. അതുവരെ നിയമനത്തിനുള്ള സ്റ്റേ തുടരും .



