കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ നിന്നെടുത്ത വായ്പയുടെ അടവ് മുടങ്ങിയതിന് കാർ പിടിച്ചെടുക്കുകയും ഉടമയെ മർദിക്കുകയും ചെയ്ത സിവിൽ പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ സിപിഒ ഉമേഷിനെയാണ് ഡിസിപി കെഎസ് സുദർശൻ സസ്പെൻഡ് ചെയ്തത്.

കഴിഞ്ഞ പതിമൂന്നിനാണ് സംഭവമുണ്ടായത്. മർദനമേറ്റ ഓൺലൈൻ ടാക്സി സർവീസ് നടത്തുന്ന, കാർ ഉടമ കണ്ണൂർ മാടായി സ്വദേശി ഷാഹിൽ (20) സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് അനധികൃതമായി വാഹനം പിടിച്ചെടുത്തതിനും മർദിച്ചതിനും ഉമേഷിന്റെ പേരിൽ നോർത്ത് പൊലീസ് കേസ് എടുത്തു.

ഉമേഷിന്റെ സഹോദരൻ ജോലി ചെയ്തിരുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്നാണ് ഷാഹിൽ വായ്പയെടുത്ത് കാർ വാങ്ങിയത്. അതിന്റെ അടവ് മുടങ്ങിയതോടെ ഉമേഷിന്റെ നേതൃത്വത്തിൽ കാർ പിടിച്ചെടുക്കുകയായിരുന്നെന്ന് ഡിസിപി വ്യക്തമാക്കി. ഷാഹിലിനെ സ്റ്റേഷനിൽവച്ച് മർദിക്കുകയും ചെയ്തു. ഉമേഷ് ഒളിവിലാണെന്ന് പൊലീസ് അധികൃതർ അറിയിച്ചു.