തിരുവനന്തപുരം:സർവകലാശാലകളിലെ സെനറ്റും സിൻഡിക്കേറ്റും രാഷ്ട്രീയമുക്തമാക്കണമെന്ന ഉന്നതവിദ്യാഭ്യാസകമ്മിഷൻ ശുപാർശ തള്ളി സംസ്ഥാന സർക്കാർ. സെനറ്റുകളിലും സിൻഡിക്കേറ്റിലും രാഷ്ട്രീയപ്രാതിനിധ്യം ഇല്ലാതാക്കി അക്കാദമികവിദഗ്ധരുടെ സംഘമായി ഇവയെ മാറ്റണമെന്ന അഭിപ്രായമില്ലെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു വ്യക്തമാക്കി.

സർവ്വകലാശാല സെനറ്റുകളിൽ ഭീമമായ എണ്ണമുണ്ടെന്നതു യാഥാർഥ്യമാണെന്നും ഇത് അംഗീകരിക്കുന്നുവെന്നും മന്ത്രി സമ്മതിച്ചു.ഇത് കണക്കിലെടുത്ത് ഇരുസമിതികളുടെയും എണ്ണം ചുരുക്കാനാണ് ധാരണ.ശുപാർശ്ശ തള്ളിയതോടെ സർവ്വ്കലാശാലകളിൽ സെനറ്റും സിൻഡിക്കേറ്റും നയനിർണയ-സാമ്പത്തികകാര്യ ചുമതലയുള്ള സമിതികളായി തുടരും.ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സർവ്വകലാശാല നിയമനങ്ങളിലടക്കം ഗവർണ്ണർ-സർക്കാർ പോര് തുടരുമ്പോഴാണ് സർവ്വകലാശാലകളിലെ നയനിർമ്മാണ സമിതികളിൽ രാഷ്ട്രീയ പ്രാതിനിധ്യം ഒഴിവാക്കണമെന്ന ശുപാർശ്ശ സർക്കാർ തള്ളിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.രാഷ്ട്രീയമായി സെനറ്റുകളേയും സിൻഡിക്കേറ്റിനേയും പൂർണ്ണമായും ഉപയോഗിക്കുക എന്നതാവും സർക്കാരും സിപിഎമ്മും ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം അക്കാദമികകാര്യങ്ങളിൽ ബന്ധപ്പെട്ട സമിതികൾക്കാകും പ്രാമുഖ്യം.പരീക്ഷകഴിഞ്ഞാൽ സെനറ്റ് ചേർന്ന് സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുന്ന രീതി കേരള, കാലിക്കറ്റ് സർവകലാശാലകളിലുണ്ട്. ഇതുപോലുള്ള വ്യവസ്ഥകൾ ഒഴിവാക്കി, വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ സർവകലാശാലകളിൽ ഉറപ്പാക്കും.

ശ്യാം ബി. മേനോൻ കമ്മിഷന്റേതായിരുന്നു സെനറ്റും സിൻഡിക്കേറ്റും രാഷ്ട്രീയമുക്തമാക്കാനുള്ള ശുപാർശ.സെനറ്റിനുപകരം ചെറിയ സംവിധാനമായ ബോർഡ് ഓഫ് റീജന്റ്സ് വേണമെന്നും കമ്മീഷൻ നിർദേശിച്ചു. ഇതു രണ്ടുമാണ് സർക്കാർ തള്ളിയത്. സാമൂഹികപ്രാതിനിധ്യസ്വഭാവം മാറ്റാതെയും സെനറ്റിന്റെയും അക്കാദമിക മേഖലകളിലുള്ളവരുടെ പ്രാതിനിധ്യം കുറയ്ക്കാതെയും സിൻഡിക്കേറ്റിന്റെയും എണ്ണം ചുരുക്കാമെന്നാണ് ശുപാർശ്ശ തള്ളിക്കൊണ്ട് എൻ.കെ. ജയകുമാർ അദ്ധ്യക്ഷനായ കമ്മിഷന്റെ നിർദ്ദേശം.

പ്രതിപക്ഷം ഉന്നയിക്കുന്ന ആക്ഷേപം കമ്മിഷൻ റിപ്പോർട്ടിൽ ശുപാർശയായി കടന്നുകൂടിയതിൽ സിപിഎമ്മിൽ രൂക്ഷവിമർശനം ഉയർന്നിരുന്നു. അടുത്തിടെ, ഇ.എം.എസ്. അക്കാദമിയിൽ സംഘടിപ്പിച്ച ശില്പശാലയിൽ ഇക്കാര്യം ചർച്ചയായി. ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തിൽ ഭരണ-പ്രതിപക്ഷ അദ്ധ്യാപക സംഘടനകളും ഇതിൽ എതിർപ്പുപ്രകടിപ്പിച്ചു.

നിയമസഭയിലേതുപോലെ ചോദ്യോത്തരവേളയും അടിയന്തരപ്രമേയവും സെനറ്റിൽ വേണ്ടെന്നു പറയുന്നത് നിയമനിർമ്മാണസഭയെ അവഹേളിക്കലാണെന്ന് കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗം ആർ. അരുൺകുമാർ വിമർശിച്ചു.ഘടനാമാറ്റത്തെ സിപിഎം. സംഘടനയായ എ.കെ.ജി.സി.ടി.യും പ്രതിപക്ഷത്തെ കെ.പി.സി.ടി.എ.യും ഒരുപോലെ എതിർത്തു.