കൊച്ചി: പ്രമുഖ നര്‍ത്തകിയും നടിയുമായ ഊര്‍മിള ഉണ്ണി ബിജെപി അംഗത്വം സ്വീകരിച്ചു. കൊച്ചിയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വെച്ചായിരുന്നു ഊര്‍മിളയുടെ പാര്‍ട്ടി പ്രവേശം. ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ നടിയെ പാര്‍ട്ടിയിലേക്ക് ഷാളണിയിച്ച് സ്വീകരിച്ചു. പ്രമുഖ നിര്‍മാതാവ് ജി. സുരേഷ് കുമാറും ഈ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

നൃത്തം, ടെലിവിഷന്‍ സീരിയലുകള്‍, സിനിമ എന്നീ മേഖലകളില്‍ ഊര്‍മിള ഉണ്ണി സജീവമായി പ്രവര്‍ത്തിച്ചുവരികയാണ്. രാഷ്ട്രീയ പ്രവേശനത്തിലൂടെ സാമൂഹിക സാംസ്‌കാരിക രംഗത്ത് കൂടുതല്‍ ഉജ്ജ്വലമായ സംഭാവനകള്‍ നല്‍കാന്‍ തയ്യാറെടുക്കുകയാണ് താനെന്ന് ഊര്‍മിള ഉണ്ണി മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഞാനൊരു നരേന്ദ്ര മോദി ഫാനാണ്. മനസ്സുകൊണ്ട് ഞാന്‍ ബിജെപിയോടൊപ്പമായിരുന്നു. എന്നാല്‍, ഇന്നുവരെ ഞാന്‍ ഒരു സജീവ പ്രവര്‍ത്തകയായിരുന്നില്ല,' അവര്‍ കൂട്ടിച്ചേര്‍ത്തു.