തിരുവനന്തപുരം: നടൻ മാമുക്കോയയുടെ നിരാണ്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം അറിയിച്ചു. മാമുക്കോയ നടനായിരുന്നില്ല, മറിച്ച് അരങ്ങിലും സ്‌ക്രീനിലും ജീവിച്ച മനുഷ്യനായിരുന്നുവെന്ന് വിഡി സതീശൻ അനുസ്മരിച്ചു. എന്നും എപ്പോഴും എവിടെയും ഒരുപച്ച മനുഷ്യൻ. മലയാള സിനിമയിൽ നാല് പതിറ്റാണ്ടോളം ഹാസ്യ നടനായും സ്വഭാവ നടനായും മാമുക്കോയ നിറഞ്ഞ് നിന്നു. ജീവിതത്തിലും സിനിമയിലും കോഴിക്കോടൻ ഭാഷയുടെ സ്നേഹം പകർന്ന കലാകാരൻ. വെള്ളിത്തിരയിലെ താരമായിരുന്നെങ്കിലും ജീവിതത്തിൽ സാധാരണക്കാരൻ. തിരക്കുകൾക്കിടയിലും താരജാഡയില്ലാതെ കോഴിക്കോട് നഗരത്തിലൂടെ നടന്നുവെന്നും സതീശൻ അനുസ്മരിച്ചു.

നാടോടിക്കാറ്റിലെ ഗഫൂർക്ക, സന്ദേശത്തിലെ കെ.ജി പൊതുവാൾ, മഴവിൽക്കാവടിയിലെ കുഞ്ഞിഖാദർ, രാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, വരവേൽപ്പിലെ ഹംസ, കൺകെട്ടിലെ കീലേരി അച്ചു, ഡോക്ടർ പശുപതിയിലെ വേലായുധൻ കുട്ടി തുടങ്ങി എന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന എത്രയെത്ര വേഷങ്ങൾ. ചിരിപ്പിക്കുന്നതിനിടയിലും നമ്മുടെയൊക്കെ ഉള്ളുരുക്കിയ പെരുമഴക്കാലത്തിലെ അബ്ദുവായുള്ള മാമുക്കോയയുടെ വേഷപ്പകർച്ച മറക്കാനാകില്ല.

നാടകത്തിന്റെ അരങ്ങാണ് മാമുക്കോയയിലെ അഭിനേതാവിന് ഇത്രയേറെ സ്വാഭാവികത നൽകിയത്. അഭിനയത്തിനൊപ്പം ഫുട്ബോളിനോട് അടങ്ങാത്ത പ്രണയമായിരുന്നു മാമുക്കോയയ്ക്ക്. അതുകൊണ്ടാണ് വണ്ടൂർ കാളികാവിൽ സെവൻസ് ഉദ്ഘാടനത്തിനെത്തിയത്.

'ഒരു നാടക നടൻ മരിക്കുമ്പോൾ മാത്രമാണ് അയാളുടെ അഭിനയം അവസാനിക്കുന്നത്. മരണംവരെ അയാൾ അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒന്നുകിൽ നാടകത്തിൽ അല്ലെങ്കിൽ ജീവിതത്തിൽ. ഡയറക്ടർ ഒകെ പറയുന്ന അഭിനയമാണ് സിനിമ. അവനവൻ ഒകെ പറയുന്ന അഭിനയമാണ് നാടകം.'മാമുക്കോയയുടെ ഈ വാക്കുകൾ അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം വ്യക്തമാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഃഖത്തിൽ പങ്ക്ചേരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.