- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിക്ക് പൊലീസിലെ ക്രിമിനലുകൾക്ക് കുടപിടിക്കുന്ന നിലപാട്; കുഫോസ് വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പ്രതിപക്ഷ നിലപാട് ശരിവയ്ക്കുന്നത്; കത്ത് വിവാദത്തിൽ പൊലീസ് ശ്രമിക്കുന്നത് എല്ലാവരെയും രക്ഷിക്കാൻ എന്നും വി ഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലായിടത്തും കമ്മ്യൂണിസ്റ്റ്‌വത്ക്കരണമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡ.സതീശൻ.പ്രത്യേകിച്ചും ക്രമസമാധാന മേഖലയിൽ ഇത് പ്രകടമാണ്. ഒരു പൊലീസുകാരൻ വീട്ടിലേക്ക് പോകുന്ന വഴിക്ക് മാങ്ങാ മോഷ്ടിച്ചു. തൊട്ടുപിന്നാലെ മറ്റൊരു പൊലീസുകാരൻ വീട്ടിൽ കയറി അലമാരയിൽ ഇരുന്ന സ്വർണം മോഷ്ടിച്ചു. ഇപ്പോൾ 2019ലും 2020ലും 2021ലും സ്ത്രീകളെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ കഥകളാണ് പുറത്ത് വരുന്നത്. പരാതിയുമായി എത്തുന്ന സ്ത്രീയെ കാറിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നത് ഉൾപ്പെടെയുള്ള പരാതികളാണ് ഇയാൾക്കെതിരെ ഉയർന്നിരിക്കുന്നത്. പരാതികളുമായി എത്തുന്ന സ്ത്രീകൾക്കെതിരെ വൃത്തികെട്ട സ്വഭാവം കാട്ടുന്ന ഈ പൊലീസ് ഉദ്യോഗസ്ഥൻ എങ്ങനെയാണ് ഇപ്പോഴും സർവീസിൽ തുടരുന്നത്? ഇക്കാര്യത്തിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് സതീശൻ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ആവശ്യപ്പെട്ടു.
ഇതിന് മുൻപ് 32 ക്രിമിനൽ കേസുകളിൽ പ്രതിയായ ഉദ്യോഗസ്ഥനെ ഹൈക്കോടതി നിർദ്ദേശ പ്രകാരം സർവീസിൽ നിന്നും നീക്കം ചെയ്തു. എന്നാൽ സിപിഎമ്മിലുള്ള സ്വാധീനത്തെ തുടർന്ന് അയാൾ ഇപ്പോൾ സർവീസിൽ തിരിച്ചെത്തിയിരിക്കുകയാണ്. പൊലീസിലെ ക്രിമിനലുകൾക്ക് കുടപിടിച്ച് കൊടുക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും. ഇത് അപകടകരമായ നിലയിൽ കേരളത്തിലെ പൊലീസിനെ നിർവീര്യമാക്കുകയാണ്. ഗുണ്ടകളും മയക്ക് മരുന്ന് മാഫിയകളും അഴിഞ്ഞാടുന്ന സംസ്ഥാനമായി കേരളം മാറി.
ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) വി സി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലൂടെ ഒൻപത് വി സിമാരും രാജിവയ്ക്കണമെന്ന പ്രതിപക്ഷ നിലപാട് ശരിയാണെന്ന് വ്യക്തമായിരിക്കുകയാണ്. വി സി നിയമനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ സുപ്രീം കോടതിയും ഹൈക്കോടതിയും ഒരു പോലെ അംഗീകരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ഗവർണറും ചേർന്നാണ് യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് വി സിമാരെ നിയമിച്ചത്. ഇക്കാര്യത്തിൽ രണ്ടു പേരും ഒരു പോലെ കുറ്റക്കാരാണ്. ഗവർണറും മുഖ്യമന്ത്രിയുമാണ് സുപ്രീംകോടതിയിൽ തോറ്റത്. യുജിസി മാനദണ്ഡങ്ങൾ ലംഘിച്ചാണ് വി സിമാരെ നിയമിച്ചതെന്ന ആരോപണം ഉന്നയിച്ച പ്രതിപക്ഷമാണ് സുപ്രീം കോടതിയിൽ വിജയിച്ചത്.
17 പേരിൽ നിന്നും ഒൻപതു പേരെ കണ്ടെത്തി അതിൽ ഒൻപതാം സ്ഥാനക്കാരന്റെ പേര് മാത്രമാണ് സർക്കാർ കുഫോസ് വി സി നിയമനത്തിനായി ഗവർണർക്ക് നൽകിയത്. നിയമനത്തിൽ പിന്നാമ്പുറ കഥകളുണ്ട്. അതേക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കണം. ഒൻപത് വി സിമാരിൽ അക്കാദമിക് യോഗ്യതയുള്ളവരുമുണ്ട്. അങ്ങനെയുള്ളവരും രാജിവച്ച് യുജിസി മാനദണ്ഡങ്ങൾ വിധേയമായി യോഗ്യതയുള്ളവർ തിരിച്ച് വരുന്നതിനോട് പ്രതിപക്ഷത്തിന് എതിർപ്പില്ല. യുജിസി നിയമങ്ങൾ ലംഘിച്ച് കണ്ണൂർ വി സിക്ക് പുനർനിയമനം നൽകിയപ്പോഴും പ്രതിപക്ഷം ചോദ്യം ചെയ്തതാണ്. ഇതെല്ലാം ഗവർണറും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്തതാണ്. ഇപ്പോൾ ഇരുവരും രണ്ടു വശത്ത് നിന്ന് പ്രതിപക്ഷം ആർക്കൊപ്പമാണെന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷത്തിന്റെ നിലപാട് കൃത്യമാണ്. സർക്കാർ പറയുന്ന വാക്ക് കേട്ട് വി സിമാർ ആ സീറ്റിൽ തൂങ്ങി നിൽക്കരുത്. 9 വി സിമാർ രാജി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം രാജ്ഭവനിലേക്ക് നടത്തുന്ന പ്രകടനം ജനങ്ങളെ കബളിപ്പിക്കാനാണ്. ഒന്നിച്ച് എല്ലാം ചെയ്തിട്ട് സുപ്രീം കോടതി വിധിക്കെതിരെയാണ് ഇപ്പോൾ സമരം നടത്തുന്നത്.
തിരുവനന്തപുരം കോർപറേഷനിൽ നടക്കുന്നത് മുഴുവൻ അഴിമതിയാണ്. നേരത്തെ എസ്.സി എസ്ടി ഫണ്ട് തട്ടിപ്പും വീടുകൾക്ക് നമ്പർ ഇടുന്നതിലെ തിരിമറിയുമൊക്കെ പുറത്ത് വന്നിരുന്നു. മേയറെ പാവയെ പോലെ കസേരയിൽ ഇരുത്തി സിപിഎം നേതൃത്വമാണ് കോർപറേഷൻ ഭരിക്കുന്നത്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് മേയർ പാർട്ടി ജില്ലാ സെക്രട്ടറിക്ക് എഴുതിയ കത്ത്. വെള്ളപൂശി എല്ലാവരെയും രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കെപിസിസി ഓഫീസിൽ നിന്നാണോ മേയറുടെ കത്തുണ്ടായത്? അതോ ആകാശത്ത് നിന്നും പൊട്ടി വീണതാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.




