തിരുവനന്തപുരം: മ്യൂസിയം ആക്രമണ കേസിലെ പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടിട്ടും പ്രതിയാരാണെന്ന് മന്ത്രിയുടെ ഓഫീസിലെ ആർക്കും മനസ്സിലായില്ല എന്നത് അവിശ്വസനീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മന്ത്രിയുടെ ഓഫീസിൽ നിയന്ത്രണവുമില്ലേ എന്നും സതീശൻ ചോദിച്ചു. ഒരു കരാർ ജീവനക്കാരന് ഔദ്യോഗിക കാർ ഏത് സമയത്തും എടുത്തുകൊണ്ട് പോകാൻ കഴിയുമോ. മന്ത്രിയുടെ വണ്ടി കരാർ ജീവനക്കാരന് ഏതു സമയത്തും എടുത്തു കൊണ്ട് പോകാം എന്നാണോ ഇതിൽ നിന്ന് മനസ്സിലാക്കേണ്ടതെന്നും സതീശൻ ചോദിച്ചു. അതേസമയം പിഎസിന്റെ ഡ്രൈവർ അറസ്റ്റിലായതിൽ മന്ത്രിയെ കുറ്റപ്പെടുത്താനാകില്ല എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

കുറവൻകോണത്തെ വീട്ടിൽ അതിക്രമം കാണിച്ച കേസിൽ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. മലയിൻകീഴ് മഞ്ചയിൽ സ്വദേശി സന്തോഷ് കുമാർ (39) ആണ് അറസ്റ്റിലായത്. 10 വർഷമായി ഇയാൾ ഇറിഗേഷൻ വകുപ്പിൽ താൽക്കാലിക ഡ്രൈവറാണ്. നിലവിൽ മന്ത്രി റോഷി അഗസ്റ്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ് സന്തോഷ് കുമാർ. അതിക്രമിച്ചു കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ ഇന്ന് അറസ്റ്റ് ചെയ്തത്.

കുറവൻകോണത്തും മ്യൂസിയത്തിലും അതിക്രമം നടത്തിയത് ഒരേ ആൾ തന്നെ. സർക്കാർ വാഹനം ദുരുപയോഗം ചെയ്തായിരുന്നു പ്രതിയുടെ ആക്രമണം. മന്ത്രിമാർക്കും പ്രൈവറ്റ് സെക്രട്ടറിക്കും മാത്രമാണ് ഔദ്യോഗിക കാർ ഉപയോഗിക്കാൻ അനുമതിയുള്ളത്. പിഎസിന്റെകാറിൽ ഡ്രൈവർ സന്തോഷ് സ്ഥിരമായി കറങ്ങി നടന്നു എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്.