തിരുവനന്തപുരം: അമ്പലപ്പുഴയിലെ കർഷകന്റെ ആത്മഹത്യയിൽ സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാരെന്ന് വി.ഡി സതീശൻ കുറ്റപ്പെടുത്തി. അമ്പലപ്പുഴ വണ്ടാനം നീലുകാട്ചിറയിൽ കെ.ആർ രാജപ്പനെന്ന 88 വയസുകാരനായ കർഷകന്റെ ആത്മഹത്യ അങ്ങേയറ്റം വേദനാജനകമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ്. സപ്ലൈകോ ഏറ്റെടുത്ത നെല്ലിന്റെ വില കിട്ടാതായതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രയാസത്തിലും മനോവിഷമത്തിലുമാണ് വന്ദ്യവയോധികനായ ഈ കർഷകൻ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്.

ഇത് സർക്കാർ തന്നെ വരുത്തിവച്ച സാഹചര്യമാണ്. ഈ മരണത്തിന് ഉത്തരവാദി സർക്കാരാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സർക്കാർ കർഷകർക്ക് നൽകാനുള്ളത്. മറ്റ് കാർഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ്. സംസ്ഥാനത്തെ കാർഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോൾ എന്തൊക്കെയാണ് കൃഷിമന്ത്രി പറഞ്ഞത്. കൃഷി ചെയത് ഔഡി കാർ വാങ്ങിയ കർഷകർ സംസ്ഥാനത്തുണ്ടെന്ന് പറഞ്ഞ മന്ത്രിക്ക് ഈ ആത്മഹത്യയെ കുറിച്ച് എന്ത് പറയാനുണ്ടെന്ന് സതീശൻ ചോദിച്ചു.

സർക്കാർ ഇനിയെങ്കിലും കണ്ണ് തുറക്കണം. കർഷകരെ ചേർത്ത് പിടിക്കാനും കാർഷിക മേഖലയെ രക്ഷിക്കാനുമുള്ള അടിയന്തിര ഇടപെടലുകളും നടപടികളും ഉണ്ടാകണം. അതല്ലെങ്കിൽ കാർഷിക മേഖലയെ ഒന്നായി തകർക്കുന്നതിന് തുല്യമായ സാഹചര്യമായിരിക്കും ഈ സർക്കാർ സൃഷ്ടിക്കുകയെന്നും സതീശൻ പറഞ്ഞു.