- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷക ആത്മഹത്യയ്ക്ക് ഉത്തരവാദി സർക്കാർ; സാധാരണക്കാരെ ആത്മഹത്യ മുനമ്പിൽ നിർത്തിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള സദസ് നടത്തിയതെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്ത് പാത്തൻപാറ നൂലിട്ടാമലയിൽ ഇടപ്പാറക്കൽ ജോസിനെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും സംസ്ഥാന സർക്കാരിന് ഒഴിഞ്ഞു മാറാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മൂന്ന് മാസത്തിനിടെ കണ്ണൂർ ജില്ലയിൽ മാത്രം നാലാമത്തെ കർഷക ആത്മഹത്യയാണ് ഉണ്ടായത്. രണ്ട് വർഷത്തിനിടെ സംസ്ഥാനത്ത് 91 കർഷകരാണ് ആത്മഹത്യ ചെയ്തതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ന്യായവില കിട്ടാത്തതും വന്യമൃഗശല്യവും കാലാവസ്ഥാ മാറ്റവും രോഗബാധയുമൊക്കെ സംസ്ഥാനത്തെ ഭൂരിഭാഗം കർഷകരെയും കടക്കെണിയിലാക്കിയിരിക്കുകയാണ്. വിളനാശവും വിളകളുടെ വിലയിടിവും കാരണം വായ്പ തിരിച്ചടയ്ക്കാൻ പോലും സാധിക്കാതെ പല കർഷകരും കൂടുതൽ കടക്കെണിയിൽ അകപ്പെടുകയാണ്. ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾ ജപ്തി ഭീഷണിയിലാണ്. ഇത്രയേറെ ഭീതിതമായ അവസ്ഥ നിലനിൽക്കുമ്പോഴും കർഷകരെയും കാർഷിക മേഖലയെയും പിണറായി സർക്കാർ പൂർണമായും അവഗണിക്കുകയാണ്. ഈ അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കണ്ണൂരിലെ ജോസ്.
പലിശയ്ക്ക് പണമെടുത്ത് കൃഷിയിറക്കുന്ന കർഷകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആത്മഹത്യ മുനമ്പിൽ നിർത്തിയിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഖജനാവിലെ പണമെടുത്ത്, ഒരു കോടി രൂപയുടെ ബസിൽ നവകേരള സദസെന്ന അശ്ലീല നാടകം നടത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിച്ച പണമെങ്കിലും പാവങ്ങൾക്ക് നൽകിയിരുന്നെങ്കിൽ ജോസ് ഉൾപ്പെടെയുള്ളവരുടെ ആത്മഹത്യകൾ ഒഴിവാക്കാമായിരുന്നു.
കർഷകർക്കും വയോധികർക്കും സാധാരണക്കാർക്കും ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നാടായി കേരളത്തെ ഈ സർക്കാർ മാറ്റിയിരിക്കുകയാണ്. ക്ഷേമ പെൻഷനുകൾ പോലെ കർഷക പെൻഷൻ നൽകിയിട്ടും മാസങ്ങളായി. കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കാൻ സർക്കാർ ഇനിയെങ്കിലും തയാറാകണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ