തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധിയില്‍ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 45 വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാതായിട്ട് നാല് ദിവസമായെന്നും കുറ്റകരമായ അനാസ്ഥയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും സതീശന്‍ കുറ്റപ്പെടുത്തി.

ഇന്ന് വൈകുന്നേരം നാല് മണിക്ക് പമ്പിംഗ് ആരംഭിക്കാന്‍ കഴിയുമെന്ന മന്ത്രിയുടെ വാക്ക് പാഴായി. എപ്പോള്‍ പമ്പിംഗ് ആരംഭിക്കാന്‍ കഴിയുമെന്നതില്‍ ഒരു വ്യക്തതയുമില്ലെന്നും സതീശന്‍ പറഞ്ഞു.ടാങ്കറില്‍ കൊണ്ടു വരുന്ന ജലം ഒന്നിനും തികയുന്നില്ല.

അതു തന്നെ പലര്‍ക്കും ലഭിക്കുന്നുമില്ല. നഗരവാസികള്‍ വീടുകള്‍ വിട്ട് പോകേണ്ട അവസ്ഥയാണ്. നാളെ സ്‌കൂളില്‍ പോകേണ്ട കുട്ടികളുടെയും ജോലി ആവശ്യങ്ങള്‍ക്ക് പോകേണ്ടവരുടെയും സ്ഥിതി ദയനീയമാണ്. റെയില്‍വെ ലൈന്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ഒരിടത്ത് പണി നടക്കുമ്പോള്‍ എങ്ങനെയാണ് നഗരത്തിലാകെ കുടിവെള്ള വിതരണം മുടങ്ങുന്നത്?

ഉദ്യോഗസ്ഥ തലത്തില്‍ ഗുരുതര വീഴ്ചയുണ്ടായി. ഇതേ കുറിച്ച് ഗൗരവമായി അന്വേഷിക്കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. ജനത്തിന്റെ കുടിവെള്ളം മുട്ടിയപ്പോള്‍ ബദല്‍ മാര്‍ഗങ്ങള്‍ ഉണ്ടാക്കുന്നതില്‍ കോര്‍പ്പറേഷനും പരാജയപ്പെട്ടു. കുടിവെള്ള വിതരണം പുനസ്ഥാപിക്കാന്‍ കോര്‍പ്പറേഷനും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.