പാലക്കാട്: വന്ദേ ഭാരത് എക്സ്‌പ്രസ് ട്രെയിന് ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ ട്രെയിൻ തടയുമെന്ന് പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. വന്ദേഭാരത് എക്‌സപ്രസിന്റെ ഉദ്ഘാടന ദിവസമായ ഏപ്രിൽ 25 ന് ഷൊർണൂരിൽ ട്രെയിൻ തന്നെ തടയാനാണ് തീരുമാനം. അയച്ച കത്തിന് മറുപടി പോലും നൽകാതെ രാഷ്ട്രീയ ലക്ഷ്യത്തോടെ മുഖം തിരിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും എം പി ആരോപിച്ചു.

ദക്ഷിണേന്ത്യയിൽ തന്നെ പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ഷൊർണൂർ ജംഗ്ഷൻ. പാലക്കാട് ജില്ലയിൽ നിന്നുമുള്ള യാത്രക്കാരും തൃശൂരിന്റെയും, മലപ്പുറത്തിന്റെയും പകുതി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാരും ഷൊർണൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നുണ്ട്. ഷൊർണൂർ ജംഗ്ഷനിൽ സ്റ്റോപ്പ് അനുവദിക്കാത്തതിന് റെയിൽവേ ഉന്നയിച്ച കാരണം വേഗതയെ ബാധിക്കുമെന്നാണ്. ട്രയൽ റൺ നടത്തിയപ്പോൾ തന്നെ വള്ളത്തോൾ നഗർ മുതൽ കാരക്കാട് വരെ 15 കി. മീ. വേഗതയിലാണ് ട്രെയിനിന് പോകാൻ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യത്തിൽ റെയിൽവേ മന്ത്രാലയത്തിൽ നിന്ന് അനുകൂല റിപ്പോർട്ടാണ് ലഭിച്ചിരിക്കുന്നതെന്ന് ശ്രീകണ്ഠൻ പറഞ്ഞു. സ്റ്റോപ്പ് വേണമെന്ന ശക്തമായ ആവശ്യം ഉന്നയിച്ചത് റെയിൽവേ ഗൗരവപൂർവ്വം പരിഗണിക്കുന്നുണ്ട് എന്ന അറിയിപ്പാണ് ലഭിച്ചത്. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോർട്ടാണ് റെയിൽവേക്ക് ലഭിച്ചിരിക്കുന്നത്. അനുവദിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഉദ്ഘാടനത്തിന് മുമ്പ് സ്റ്റോപ്പുകളെ സംബന്ധിച്ച പ്രഖ്യാപനമുണ്ടാവും. ഏതെങ്കിലും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സ്റ്റോപ്പ് അനുവദിക്കാതിരുന്നാൽ, 25-ന് പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുന്ന ട്രെയിനിന് ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെങ്കിൽ പാലക്കാട് എംപി. അവിടെ ചുവപ്പുകൊടി കാണിക്കുമെന്ന് വി.കെ. ശ്രീകണ്ഠൻ മുന്നറിയിപ്പ് നൽകി. ശക്തമായ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

'ട്രെയിൻ അനുവദിച്ചപ്പോൾ ബിജെപി. കാട്ടിക്കൂട്ടിയത് ലജ്ജാകരമായ രാഷ്ട്രീയമാണ്. വന്ദേഭാരതിന് ജില്ലയിലെ ഷൊർണൂരിൽ സ്റ്റോപ്പ് ഇല്ലെന്ന് അറിഞ്ഞിട്ടും, ട്രെയിൻ സംസ്ഥാനത്തേക്ക് വരുമ്പോൾ പാലക്കാട് വെച്ച് ബിജെപിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. കേരളത്തിൽ ആദ്യമായി ട്രെയിൻ വരുന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. രാജ്യമുണ്ടായതിന് ശേഷം സംസ്ഥാനത്തിന് 600-ഓളം ട്രെയിൻ സർവീസുകൾ അനുവദിക്കപ്പെട്ടിട്ടുണ്ട്.

590-ലധികം ട്രെയിനുകൾ അനുവദിക്കപ്പെട്ടത് കോൺഗ്രസ് കേന്ദ്രം ഭരിക്കുന്ന കാലത്താണ്. അന്ന് ഏതെങ്കിലും ട്രെയിനിന് കോൺഗ്രസ് പതാക പുതപ്പിച്ച ചരിത്രമില്ല. ജില്ലയിലൂടെ ട്രെയിൻ പോകുമ്പോൾ സ്വീകരണം കൊടുത്തു. പക്ഷേ, സർവീസ് നടത്തുമ്പോൾ ഷൊർണൂരിൽ സ്റ്റോപ്പ് വേണമെന്ന് ആവശ്യപ്പെടാൻ പോലും തയ്യാറായിട്ടില്ല', എംപി. ചൂണ്ടിക്കാട്ടി.