- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി ഇടപാടിൽ സ്വതന്ത്ര അന്വേഷണം വേണം; ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി ഇടപാടിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. മടിയിൽ കനമില്ലെങ്കിൽ ആർക്കും ഭയക്കേണ്ടതില്ല. മടിയിൽ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ എന്നാണ് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നത്. മുഖ്യമന്ത്രിയുടെ മടിയിൽ കനമില്ലെങ്കിൽ അദ്ദേഹം ഇന്നു തന്നെ സ്വതന്ത്ര അന്വേഷണത്തിന് ഉത്തരവിടണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ഭാര്യയുടെ ഇത്തരത്തിലുള്ള ഇടപെടലുകളുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്റെ അഭിപ്രായം എന്താണെന്നും വി. മുരളീധരൻ ചോദിച്ചു.
''മുഖ്യമന്ത്രിയുടെ മകൾക്ക് ആലുവയിലുള്ള കരിമണൽ കമ്പനിയിൽനിന്ന് മാസപ്പടി കിട്ടിയ വാർത്ത വളരെ ഗുരുതരമാണ്. എന്ത് അടിസ്ഥാനത്തിലാണ് അവർക്ക് ഈ കരിമണൽ കമ്പനിയിൽ നിന്ന് മാസം തോറും 8 ലക്ഷം രൂപ കിട്ടിയതെന്ന് സംസ്ഥാന മുഖ്യമന്ത്രി വിശദീകരണം. ആദായ നികുതി വകുപ്പ് പറയുന്നത് പ്രമുഖനായ വ്യക്തിയുമായുള്ള ബന്ധം ഉപയോഗപ്പെടുത്തിയാണ് അവർ ഇടപാടുകൾ നടത്തിയതെന്നാണ്. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ട്. കമ്പനിയിൽ നിന്ന് മാസം തോറും പണം വാങ്ങുകയും ഐടി ഇടപാടുമായി ബന്ധപ്പെട്ടാണെന്നു കാണിച്ച് കള്ളരേഖയുണ്ടാക്കുകയും ചെയ്തു.'' വി. മുരളീധരൻ പറഞ്ഞു.
സിപിഎമ്മിനെ മോദി സർക്കാർ തൊടില്ല എന്ന ആരോപണം ഈ അവസരത്തിൽ പിൻവലിക്കാൻ കോൺഗ്രസ് തയാറാകണമെന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു. കരിമണൽ കമ്പനിക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്തു എന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളും പുറത്തുവരണം. ജുഡീഷ്യൽ അന്വേഷണമല്ല വേണ്ടത്. സ്വതന്ത്ര ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കാൻ തയാറാകണമെന്നും മുരളീധരൻ പ്രതികരിച്ചു.




