തിരുവനന്തപുരം: ശബരിമലയില്‍ കൊള്ളയും കളവും ആചാര ലംഘനവും നടത്താന്‍ മാത്രമേ പിണറായി സര്‍ക്കാരിന് താല്‍ര്യമുള്ളൂ എന്ന് മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍. സ്ഥാനമൊഴിഞ്ഞ ദേവസ്വംബോര്‍ഡ് സ്വര്‍ണ്ണക്കൊള്ള എങ്ങനെ ഒതുക്കാമെന്ന ഗവേഷണത്തിലായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മണ്ഡലകാല തീര്‍ഥാടനത്തിന് ഭക്തര്‍ വലയുന്നത്, യാതൊരു മുന്നൊരുക്കവും സര്‍ക്കാര്‍ നടത്താതിരുന്നതിനാലാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

കുടിവെള്ളം പോലും ഇല്ലാതെ തീര്‍ഥാടകര്‍ കുഴഞ്ഞുവീഴുന്ന സാഹചര്യം ഉണ്ടായിട്ടും സംവിധാനങ്ങള്‍ നോക്കുകുത്തിയാണ്. ക്യൂ കോംപ്ലക്സുകളുടെ ഉദ്ദേശം നടപ്പായിട്ടില്ല, ആവശ്യത്തിന് പോലീസുകാര്‍ ഇല്ല, എന്താണ് സര്‍ക്കാരും ദേവസ്വം അധികൃതരും ചെയ്യുന്നത് എന്ന് വി. മുരളീധരന്‍ ചോദിച്ചു. കോടികള്‍ മുടക്കി പ്രമാണിമാര്‍ക്കായി അയ്യപ്പസംഗമം നടത്തിയ പിണറായി സര്‍ക്കാര്‍, യഥാര്‍ഥ ഭക്തരെ നിഷ്‌കരുണം അവഗണിക്കുകയാണ്.

ഈ സര്‍ക്കാരിന്റെ കാലത്ത് മുമ്പും ഭക്തര്‍ പമ്പയില്‍ നിന്ന് മാല അഴിച്ചു തിരിച്ചു പോകേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഈ വര്‍ഷം ഒരു തയ്യാറെടുപ്പും നടന്നില്ല എന്നത് ആശ്ചര്യകരമാണ് എന്ന് മുരളീധരന്‍ ചൂണ്ടിക്കാട്ടി. അയ്യപ്പന്റെ സ്വത്ത് അപഹരിക്കാനും ആചാരം ലംഘിക്കാനും മാത്രം താല്‍പര്യപ്പെടുന്ന നിരീശ്വരവാദികള്‍ക്ക് വിശ്വാസികള്‍ മറുപടി നല്‍കുമെന്നുംഅദ്ദേഹംപറഞ്ഞു