കോഴിക്കോട്: എഐ ക്യാമറ വിവാദം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ക്യാമറ അഴിമതി സംബന്ധിച്ച വിവരങ്ങൾ പുറത്തു വന്നു കഴിഞ്ഞു. എന്നാൽ മുഖ്യമന്ത്രി വസ്തുതയെക്കുറിച്ച് പറയുന്നില്ല, പകരം മാസ് ഡയലോഗുകൾ പറയുക മാത്രമാണ് ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

വിവാദത്തിലൂടെ കെൽട്രോണിന്റെ വിശ്വാസ്യതയാണ് തകർന്നത്. ക്യാമറ ഇടപാടിൽ വലിയ കൊള്ളയാണ് നടന്നത്. ക്യാമറ ഇടപാടിൽ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കാൻ മുഖ്യമന്ത്രിക്ക് ധൈര്യം ഉണ്ടോയെന്നും വി മുരളീധരൻ ചോദിച്ചു.

കേരള സ്റ്റോറി എന്ന സിനിമക്കെതിരെ അസ്വസ്ഥത എന്തിനെന്ന് മനസ്സിലാകുന്നില്ല. സിനിമയോടുള്ള വിയോജിപ്പ് ആശങ്കയുണ്ടാക്കുന്നു. അപ്രിയസത്യം പറയുമ്പോൾ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. വിവാദ സിനിമ കണ്ടശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.