തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടാം വർഷ ബി.വി എസ്.സി വിദ്യാർത്ഥി സിദ്ധാർഥിന്റെ കുടുംബത്തെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി സന്ദർശിച്ചു.

നെടുമങ്ങാട് വീട്ടിലെത്തിയ മന്ത്രി സിദ്ധാർഥിന്റെ പിതാവിനെ ആശ്വസിപ്പിച്ചു. സംഭവത്തിന് പിന്നിലുള്ളവർ ആരാണെങ്കിലും പുറത്തുകൊണ്ടുവരുമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഒരു രാഷ്ട്രീയ താൽപര്യവും പരിഗണന വിഷയമല്ലെന്നും സിദ്ധാർഥിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാറെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

സിപിഎം നെടുമങ്ങാട് ഏരിയ സെക്രട്ടറി അഡ്വ. ആർ ജയദേവൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.റഹീം, നഗരസഭാ ചെയർപേഴ്‌സൺ സി.എസ് ശ്രീജ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പി. ഹരിക്കേശൻ നായർ, കൗൺസിലർ എം.എസ് ബിനു തുടങ്ങിയവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.