തിരുവനന്തപുരം: കേന്ദ്രത്തിന്റെ തൊഴില്‍ കോഡ് പരിഷ്‌കരണം നടപ്പിലാക്കുമ്പോള്‍ കേരളം തൊഴിലാളി വിരുദ്ധ നിലപാടുകള്‍ കൈക്കൊള്ളില്ലെന്ന് തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന തൊഴില്‍ കോഡ് പരിഷ്‌കരണങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴില്‍ കോഡ് പരിഷ്‌കരണം സംസ്ഥാന സര്‍ക്കാര്‍ സൂക്ഷ്മമായി വിലയിരുത്തുകയാണ്. കേരളത്തിന്റെ തനതായ തൊഴില്‍ ബന്ധങ്ങളെയും, ട്രേഡ് യൂണിയന്‍ അവകാശങ്ങളെയും ദുര്‍ബലപ്പെടുത്തുന്ന യാതൊരു നീക്കങ്ങളും സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി.

തൊഴില്‍ നിയമങ്ങളുടെ ലളിതവല്‍ക്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിക്കണം. തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലായിരിക്കണം ലക്ഷ്യം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴില്‍ സാഹചര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിനാണ് കേരളം പ്രാമുഖ്യം നല്‍കുക.

കേന്ദ്ര കോഡുകള്‍ക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങള്‍ രൂപീകരിക്കുന്ന കാര്യം കേരളത്തിലെ എല്ലാ പ്രമുഖ ട്രേഡ് യൂണിയനുകള്‍, വ്യവസായ മേഖല പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്യുമെന്ന് മന്ത്രി അറിയിച്ചു. നിലവിലുള്ളതോ പുതിയതോ ആയ ഒരു വ്യവസ്ഥയും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴില്‍പരമായ അവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചട്ടങ്ങളില്‍ ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ ഓരോ തൊഴിലാളിക്കും സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.