പത്തനംതിട്ട: അടൂരില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. നെല്ലിമുകളിലാണ് അപകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി.

മറ്റൊരു വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിച്ചത്. ശേഷം നിയന്ത്രണം വിട്ട് അകമ്പടിവാഹനം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ തന്നെ പോലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.