ഇടുക്കി: മണ്‍സൂണ്‍ ശക്തമായതിനെ തുടര്‍ന്ന് മൂന്നു മാസങ്ങള്‍ക്കു മുന്‍പ് അടച്ചിട്ട വാഗമണ്ണിലെ ചില്ലുപാലം കാലാവസ്ഥ അനുകൂലമായിട്ടും തുറക്കാന്‍ നടപടിയായില്ല. ഇതോടെ ചില്ലുപാലത്തില്‍ കയറാന്‍ ആഗ്രഹിച്ചെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങുകയാണ്. പാലം അടച്ചതോടെ ഡിടിപിസിക്ക് ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാവുന്നത്.

മഴക്കാലത്ത് വാഗമണ്ണിലെ ചില്ലുപാലത്തില്‍ കയറുന്ന സന്ദര്‍ശകരുടെ അപകട സാധ്യത കണക്കിലെടുത്ത് ടൂറിസം ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്ന് മാസം മുന്‍പ് പാലം അടച്ചത്. മറ്റ് സാഹസിക വിനോദ ഉപാധികളൊക്കെ തുടങ്ങിയെങ്കിലും ചില്ലുപാലത്തിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. സമുദ്രനിരപ്പില്‍ നിന്നു 3500 അടി ഉയരത്തില്‍ 40 മീറ്റര്‍ നീളത്തില്‍ വാഗമണ്‍ സൂയിസൈഡ് പോയിന്റിലെ മലമുകളില്‍ നിര്‍മിച്ച കൂറ്റന്‍ ഗ്ലാസ് ബ്രിഡ്ജ് കഴിഞ്ഞ സെപ്റ്റംബറിലാണ് വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തത്.

ഇതോടെ ചില്ലുപാലം കാണാന്‍ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരേസമയം 15 പേര്‍ക്ക് പാലത്തില്‍ കയറാം. അഞ്ചു മിനിറ്റ് ചെലവഴിക്കാന്‍ 250 രൂപയാണ് ഈടാക്കിയിരുന്നത്. ഒരു ദിവസം 1500 സന്ദര്‍ശകര്‍ക്കാണ് ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശിക്കാന്‍ സൗകര്യം ഉണ്ടായിരുന്നത്.