- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാട്ടാമ്പള്ളി ബാറിലെ തർക്കം; കണ്ണൂരിൽ യുവാവ് കുത്തേറ്റു മരിച്ചു; പ്രതി ഓടി രക്ഷപ്പെട്ടു; കേസെടുത്ത് വളപട്ടണം പൊലീസ്; കണ്ണൂരിനെ ഞെട്ടിച്ചു വീണ്ടും കൊലപാതകം
കണ്ണൂർ: കണ്ണൂരിനെ ഞെട്ടിച്ചു വീണ്ടും കൊലപാതകം. വളപട്ടണം പൊലിസ് സ്റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളി കൈരളി ബാറിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെയാണ് യുവാവിനെ കുത്തേറ്റത്. ചിറക്കൽ കീരിയാട് ബുഖാരി മസ്ജിദിന് സമീപം തോട്ടോൻ മുസ്തഫയുടെ മകൻ റിയാസാ(43)ണ് മരിച്ചത്. വ്യാഴാഴ്‌ച്ച രാത്രി പന്ത്രണ്ടുമണിയോടെയാണ് സംഭവം.
വാക്ക് തർക്കത്തിനിടെ റിയാസിന് കത്തിക്കൊണ്ടു വയറ്റിൽ ആഴത്തിലുള്ള കുത്തേൽക്കുകയായിരുന്നു. ബാർ അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് വളപട്ടണം പൊലിസ് സ്ഥലത്തെത്തി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായിരുന്ന ഇയാൾ വെള്ളിയാഴ്‌ച്ച പുലർച്ചെയാണ് മരിച്ചത്. വയറ്റിനേറ്റ ആഴത്തിലുള്ള കുത്താണ് മരണകാരണമായത്. റിയാസിനെ കുത്തിപരുക്കേൽപ്പിച്ച ജിം നിസാമെന്നയാൾ ഓടിരക്ഷപ്പെട്ടതായി പൊലിസ് പറഞ്ഞു. ഇയാൾക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
റിയാസിന്റെ മൃതദേഹം വളപട്ടണം പൊലിസ് ഇൻക്വസ്റ്റ് നടത്തി കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വളപട്ടണം പൊലിസ് കൊലക്കുറ്റത്തിന് കേസെടുത്തു അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാറിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. ഒന്നരമാസം മുൻപ് കണ്ണൂർ റെയിൽവെ സ്റ്റേഷൻ കിഴക്കെ കവാടത്തിൽ നിന്നും ചരക്കുലോറി ഡ്രൈവർ കേളകം മണത്തണ സ്വദേശി ജിന്റോ വെട്ടേറ്റുമരിച്ചിരുന്നു.
ഇതിന്റെ നടുക്കം വിട്ടുമാറും മുൻപെയാണ് മറ്റൊരു കൊലപാതകം കൂടിനടന്നത്. കണ്ണൂർ എ.സി.പി ടി.കെ രത്നകുമാർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി.



