- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ വന്ദേഭാരത് പരീക്ഷണ ഓട്ടം ആരംഭിച്ചു; ഞായറാഴ്ച ഔദ്യോഗിക ഫ്ളാഗ് ഓഫ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി സർവീസ് ആരംഭിക്കുന്ന രണ്ടാമത് വന്ദേഭാരത് എക്സ്പ്രസ് 24ന് പകൽ 12.30ന് കാസർകോട് നിന്നും ഫ്‌ളാഗ്ഓഫ് ചെയ്യും. ആലപ്പുഴ വഴി കാസർക്കോട് തിരുവനന്തപുരം റൂട്ടിൽ ഓടുന്ന ട്രെയിൻ വ്യാഴം പുലർച്ചെ 4.30ന് കൊച്ചുവേളിയിലെത്തി. വൈകിട്ട് 4.05ന് കാസർകോടേക്ക് പരീക്ഷണഓട്ടം നടത്തി.
കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചെത്തി വെള്ളിയാഴ്ച വീണ്ടും പരീക്ഷണഓട്ടം നടത്തും. ഞായറാഴ്ച ഔദ്യോഗിക ഫ്‌ളാഗ്ഓഫ് നടത്തുമെങ്കിലും യാത്രക്കാർക്കായുള്ള സർവീസ് ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. എട്ടു കോച്ചുകളുള്ള പുതിയ ട്രെയിൻ സാധാരണ വന്ദേഭാരതുകളിൽ നിന്നും വ്യത്യസ്തമായി ഓറഞ്ച് ഗ്രേ നിറത്തിലാണ്. ആകെ 537.07 കിലോമീറ്ററാണ് ഒരുഭാഗത്തേക്കുള്ള ദൂരം. ശരാശരി 72.39 കിലോമീറ്റർ വേഗമാണ് പ്രതീക്ഷിക്കുന്നത്.
കാസർക്കോട് തിരുവനന്തപുരം റൂട്ടിൽ 7.55 മണിക്കൂർ കൊണ്ടും തിരികെ 8.05 മണിക്കൂറുകൊണ്ടും ട്രെയിൻ ഓടിയെത്തുമെന്നാണ് പ്രതീക്ഷ. കണ്ണൂർ, കോഴിേക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നീ റെയിൽവേ സ്റ്റേഷനുകളിലാണ് സ്റ്റോപ്പുകൾ. ഫ്‌ളാഗ്ഓഫിന്റെ ഭാഗമായി എല്ലാ സ്റ്റോപ്പുകളിലും റെയിൽവെയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. രാജ്യത്തെ വിവിധ റൂട്ടുകളിൽ അനുവദിച്ച ഒമ്പത് വന്ദേഭാരത് സർവീസ് വീഡിയോ കോൺഫറൻസ് വഴി പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഫ്‌ളാഗ്ഓഫ് ചെയ്യുക.




