കണ്ണൂര്‍: കെ. റെയില്‍ അനിശ്ചിതത്വങ്ങള്‍ ബാക്കി നില്‍ക്കവെ യാത്രക്കാരുടെ ദുരിതം ഒഴിവാക്കുന്നതിനായി വീണ്ടും വന്ദേ മാതരമെത്തുന്നു.
ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ യാത്ര ദുഷ്‌കരമായ കേരളത്തിന് താല്‍ക്കാലികാശ്വാസമായാണ് രണ്ട് വന്ദേഭാരത് ട്രെയിന്‍ കൂടി സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്.ആദ്യ ട്രെയിന്‍ കൊച്ചുവേളിബംഗളൂരു റൂട്ടിലും രണ്ടാമത്തേത് കന്യാകുമാരിശ്രീനഗര്‍ റൂട്ടിലും സര്‍വിസ് നടത്തും.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രണ്ടു ട്രെയിനുകളും കന്നിയോട്ടം നടത്തുമെന്നാണ് റെയില്‍വെ അധികൃതര്‍ നല്‍കുന്ന വിവരം. 16 വീതം കോച്ചുകളാണ് ഓരോ ട്രെയിനിലുമുണ്ടാകുക. കേരളത്തിനു ലഭിക്കുന്ന രണ്ടു ട്രെയിനുകളും സ്ലീപ്പര്‍ കോച്ചുകളാണെന്ന സവിശേഷതയുമുണ്ട്. ഓരോ ട്രെയിനിലും 823 സീറ്റുകള്‍ ഉണ്ടാവും. ബംഗളൂരുവിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ദിവസവും സര്‍വിസ് നടത്തും. കന്യാകുമാരിശ്രീനഗര്‍ വന്ദേഭാരത് സ്ലീപ്പര്‍ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രമായിരിക്കും സര്‍വിസ്.

രാജധാനി എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പകരം വന്ദേ സ്ലീപ്പറുകള്‍ അവതരിപ്പിക്കാനും റെയില്‍വേ ലക്ഷ്യമിടുന്നു. ഇതോടെ രാജാധാനി ട്രെയിനുകളുടെ റൂട്ടില്‍ വന്ദേഭാരത് ട്രെയിനുകള്‍ മാത്രമാവും ഓടുക. ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് രാജ്യത്തെമ്പാടും ട്രെയിനുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് പരിഹരിക്കാന്‍ 50 അമൃത് ഭാരത് ട്രെയിനുകള്‍ കൂടി ട്രാക്കിലിറക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.

22 കോച്ചുകള്‍ വീതമാണ് ഈ ട്രെയിനുകളില്‍ ഉണ്ടാവുക. ഇവയില്‍ 11 ഏസി കോച്ചുകളും 11 ജനറല്‍ കോച്ചുകളും ഉണ്ടായിരിക്കും. നിലവില്‍ രണ്ട് അമൃത് ഭാരത് ട്രെയിനുകള്‍ മാത്രമാണ് രാജ്യത്ത് സര്‍വിസ് നടത്തുന്നത്. മറ്റ് ട്രെയിനുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മികച്ച യാത്രാനുഭവമാണ് വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉറപ്പുനല്‍കുന്നത്. അതില്‍ പ്രധാനം മികച്ച കുഷ്യനിങ് സൗകര്യങ്ങളുള്ള ബെര്‍ത്തുകള്‍ തന്നെ.

മികച്ച നിദ്ര ഉറപ്പാക്കാന്‍ ഓരോ ബെര്‍ത്തിന്റെയും വശത്ത് അധിക കുഷ്യന്‍ സംവിധാനമുണ്ട്. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനിന്റെ ഓരോ അറ്റത്തും ഡ്രൈവര്‍ ക്യാബിനും ഒരുക്കിയിട്ടുണ്ട്.ബെര്‍ത്തുകളില്‍ കയറാന്‍ മികച്ച രീതിയില്‍ രൂപകല്‍പ്പന ചെയ്ത ഗോവണി ഉണ്ടായിരിക്കും. മികച്ച എയര്‍ കണ്ടീഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഓട്ടോമാറ്റിക് ഡോറുകളും സവിശേഷത തന്നെ. കോച്ചുകള്‍ക്കിടയില്‍ ഓട്ടോമാറ്റിക് ഇന്റര്‍കണക്റ്റിങ് ഡോറുകളും ഉണ്ടായിരിക്കുമെന്നാണ് വിവരം.