തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരു വന്ദേ ഭാരത് എക്സ്‌പ്രസ് കൂടി ലഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നൽകിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ട്രെയിൻ ആവശ്യപ്പെട്ടു താൻ കത്ത് നൽകിയതിനെ തുടർന്നാണു നടപടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. കാസർകോട്- തിരുവനന്തപുരം റൂട്ടിലാകും ട്രെയിൻ സർവീസ്.

''കേരളീയർക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണസമ്മാനമാണിത്. വിഷുക്കൈനീട്ടമായി കേന്ദ്രം നൽകിയ വന്ദേഭാരത് എക്സ്‌പ്രസിനെ ഇരുകയ്യും നീട്ടിയാണ് കേരളം സ്വീകരിച്ചത്. ഈ ട്രെയിനിലെ തിരക്കിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ അതേ റൂട്ടിൽ രണ്ടാമത്തെ വന്ദേ ഭാരത് അനുവദിക്കുന്നത്. രണ്ടാമത്തെ വന്ദേഭാരത് ആവശ്യപ്പെട്ട് കത്ത് നൽകിയതിനെ തുടർന്നു കേന്ദ്രം അടിയന്തരമായി ഈ വിഷയത്തിൽ നടപടി കൈക്കൊള്ളുകയായിരുന്നു.''- സുരേന്ദ്രൻ വിശദീകരിച്ചു.

ഏറെനാളായി രണ്ടാമത്തെ വന്ദേഭാരതിനായി കേരളം കാത്തിരിപ്പിലാണ്. തിരുവനന്തപുരം - കാസർകോട് വന്ദേഭാരതാണ് രാജ്യത്തെ ഏറ്റവും തിരക്കുള്ള വന്ദേഭാരത് സർവീസ് എന്നാണു റെയിൽവേ പറയുന്നത്.