പാലക്കാട്: കേരളത്തിന് പുതിയൊരു വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിച്ചേക്കും. മംഗളൂരു-ഗോവ റൂട്ടില്‍ ഓടുന്ന വന്ദേഭാരത് സര്‍വീസ് കോഴിക്കോട് വരെ നീട്ടണമെന്ന ആവശ്യം പരിഗണിക്കാമെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍.എന്‍ സിങ് അറിയിച്ചതായി എം.കെ രാഘവന്‍ എം.പി അറിയിച്ചു. മലബാര്‍ മേഖലയിലെ എം.പിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ് ലഭിച്ചത്.

മംഗളൂരു-രാമേശ്വരം എക്‌സ്പ്രസ് ജൂണില്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന ഉറപ്പ് ദക്ഷിണ റെയില്‍വേ മാനേജര്‍ നല്‍കിയെന്നും എം.പിമാര്‍ അറിയിച്ചു. മലബാറില്‍ നിന്ന് കോളജില്‍ പോകാന്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മെമു പാസഞ്ചര്‍ ട്രെയിനുകള്‍ വേണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു. നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന 12 മെമു സര്‍വീസുകളില്‍ ഒന്ന് മാത്രമാണ് മലബാറില്‍ സര്‍വീസ് നടത്തുന്നത്. യാത്രക്ലേശം പരിഹരിക്കാന്‍ മംഗലാപുരത്ത് നിന്ന് പാലക്കാടേക്ക് പുതിയ പാസഞ്ചര്‍ സര്‍വീസ് ആരംഭിക്കുമെന്നും ദക്ഷിണ റെയില്‍വേ മാനേജര്‍ എം.പിമാരെ അറിയിച്ചു.

റെയില്‍വേ സ്റ്റേഷനുകളില്‍നിന്നു വിവിധയിടങ്ങളിലേക്കുണ്ടായിരുന്ന ചെറിയ റോഡുകള്‍ അടയ്ക്കുമ്പോള്‍ ആളുകളുടെ ആശങ്ക പരിഹരിക്കാന്‍ കളക്ടറുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് തീരുമാനമെടുക്കാന്‍ പ്രത്യേക സമിതിയെ നിയമിക്കും. എംപിമാരായ കെ. ഈശ്വരസ്വാമി, കെ. രാധാകൃഷ്ണന്‍, എം.കെ. രാഘവന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ഷാഫി പറമ്പില്‍, വി.കെ. ശ്രീകണ്ഠന്‍, വി. ശിവദാസന്‍, പി.പി. സുനീര്‍, പി.ടി. ഉഷ എന്നിവര്‍ പങ്കെടുത്തു.