കോഴിക്കോട്: കേരളത്തിന് അനുവദിച്ച രണ്ടാമത്തെ വന്ദേഭാരത് ട്രെയിനിനായി രണ്ട് റൂട്ടുകൾ പരിഗണനയിൽ. രാവിലെ തിരുവനന്തപുരത്ത് നിന്ന് കാസർകോടെത്തി രാത്രി മടങ്ങിയെത്തുന്നതാണ് നിലവിലെ സർവീസ്. ഇതിന് ബദലായി മംഗലാപുരത്ത് നിന്ന് സർവീസ് രാവിലെ ആരംഭിക്കുന്ന സമയക്രമമാണ് പരിഗണിക്കുന്നത്. ഇതിനൊപ്പം ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നതായാണ് സൂചനകൾ.

സർവീസ് ഉടൻ ആരംഭിക്കുമെന്ന് റെയിൽവെ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാനും ബിജെപി നേതാവുമായ പി.കെ. കൃഷ്ണദാസ് അറിയിച്ചു. റൂട്ടിൽ അന്തിമ തീരുമാനിട്ടില്ലെന്നും രണ്ട് റൂട്ടുകളാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ ഓണത്തോട് അനുബന്ധിച്ച് സർവീസ് ആരംഭിക്കാൻ സാധ്യത കുറവാണെന്നും എന്നാൽ അധികം വൈകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനപ്പെട്ട രണ്ട് വിനോദസഞ്ചാരകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കാമെന്ന ആശയം മുൻനിർത്തിയാണ് ഗോവ-എറണാകുളം റൂട്ടും പരിഗണിക്കുന്നത്. സംസ്ഥാനത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിക്കുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്കുൾപ്പെടെയുള്ള പരിശീലനം ചെന്നൈയിൽ ആരംഭിച്ചിട്ടുണ്ട്.