- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതി അർജുനൻ അല്ല കുറ്റകൃത്യം ചെയ്തത് എങ്കിൽ മറ്റാരാണ് പ്രതിയെന്നും കേസിൽ പുനരന്വേഷണം വേണമെന്നും ആവശ്യം; വായ മൂടിക്കെട്ടി എസ്റ്റേറ്റ് തൊഴിലാളികളുടെ പ്രതിഷേധം; വണ്ടിപ്പെരിയാറിലേത് നീതി നിഷേധം
ഇടുക്കി: വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം. വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. പൊലീസിന്റെ വീഴ്ചയാണ് കേസിൽ പ്രതിയെ വെറുതെ വിട്ടതിന് കാരണമെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഇത് ചൂണ്ടിക്കാണിക്കുന്നതായിരുന്നു കേസിലെ കോടതി വിധിപ്പകർപ്പും. ശാസ്ത്രീയ തെളിവുകളുൾപ്പെടെ ശേഖരിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വിധിയിൽ പറയുന്നു.
ചുരക്കുളം എസ്റ്റേറ്റിലെ ആറു വയസുകാരിയുടെ കൊലപാതകത്തിലെ കോടതി വിധിയിൽ ചുരക്കുളം എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. വായ മൂടികെട്ടിയായിരുന്നു പ്രതിഷേധം. പ്രതി അർജുനൻ അല്ല കുറ്റകൃത്യം ചെയ്തത് എങ്കിൽ മറ്റാരാണ് പ്രതിയെന്നും കേസിൽ പുനരന്വേഷണം വേണമെന്നും കുട്ടി താമസിച്ചിരുന്ന എസ്റ്റേറ്റ് ലയത്തിലെ തൊഴിലാളികൾ ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. വണ്ടിപ്പെരിയാർ പോക്‌സോ കേസിൽ കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. വിധിയിൽ അപ്പീൽ നൽകാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷക്കാലവും പിഞ്ചുകുഞ്ഞിന്റെ ഓർമ്മ ദിനത്തിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖം പങ്കിട്ടവരാണ് എസ്റ്റേറ്റ് ലയം നിവാസികൾ. ആയതിനാൽ തന്നെ കോടതിവിധിയെ ഏറെ പ്രതീക്ഷയോടെയാണ് ഇവർ കാത്തിരുന്നത്. എന്നാൽ കേരള ജനതയ്‌ക്കൊപ്പം കോടതി വിധി നെഞ്ചിൽ ഒരു ഇടിത്തീയായാണ് ഇവർക്കും അനുഭവപ്പെട്ടത്. ഇന്നലെ കോടതി വിധി കേട്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി പോയതായും ഇങ്ങനെ ഒരു വിധി വരുമെന്ന് തങ്ങൾ പ്രതീക്ഷിച്ചിരുന്നില്ലെന്നും എസ്റ്റേറ്റ് തൊഴിലാളികൾ പറയുന്നു.



