- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയിലേക്ക് നയിച്ചത് വിവാഹാഭ്യർത്ഥന നിരസിച്ചതിലെ രോഷം; ലക്ഷ്യം വെച്ചത് വധുവിനെ; വർക്കല വിവാഹവീട്ടിലെ അരുംകൊല; മൂന്നാം പ്രതി ശ്യാംകുമാറിന് ജാമ്യമില്ല
തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് വർക്കലയിൽ വിവാഹത്തലേന്ന് അർദ്ധ രാത്രി വധൂ ഗൃഹത്തിൽ അതിക്രമിച്ചു കടന്ന് വധുവിന്റെ പിതാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ജയിലിൽ കഴിയുന്ന മൂന്നാം പ്രതി ശ്യാം കുമാറിന്റെ ജാമ്യ അപേക്ഷ ജില്ലാ കോടതി തള്ളി. വർക്കല കല്ലമ്പലം രാജു കൊലക്കേസിൽ മൂന്നാം വടശ്ശേരിക്കോണം കെ.എസ്. നന്ദനത്തിൽ ശ്യാംകുമാർ (26) എന്നയാൾക്കാണ് ജാമ്യം നിരസിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി പി.വി. ബാലകൃഷ്ണനാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതിക്കെതിരായ ആരോപണം ഗൗരവമേറിയതാണ്. തനിക്കല്ലാതെ ശ്രീലക്ഷ്മിയെ മറ്റാർക്കും വിവാഹം ചെയ്തയക്കാൻ അനുവദിക്കില്ലെന്ന് ഒന്നാം പ്രതി ജിഷ്ണു വെല്ലുവിളിച്ചതായി സാക്ഷിമൊഴികൾ ഉണ്ട്. ജിഷ്ണു നേരത്തെയും ഭീഷണിപ്പെടുത്തിയിരുന്നതായി വധുവിന്റെ സഹോദരൻ ശ്രീഹരിയുടെ മൊഴിയിൽ പറയുന്നു. മറ്റൊരു വിവാഹം നോക്കിയാൽ തങ്ങളെ വകവരുത്തുമെന്ന് ജിഷ്ണു നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി ശ്രീഹരി പറയുന്നു.
ഇരുകൂട്ടരും പരസ്പരം നടത്തിയ പെട്ടന്നുണ്ടായ ആക്രമണമല്ല. മറിച്ച് പ്രതികൾ മുൻകൂട്ടി ആലോചിച്ചുറച്ച് ആക്രമണം നടത്തിയതായി കേസ് രേഖകളിൽ കാണുന്നു. കൃത്യത്തിലുൾപ്പെട്ട പ്രതികളുടെ പേരിൽ അനേകം ക്രിമിനൽ കേസുകളുണ്ട്. പ്രതിയെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കേസ് റെക്കോർഡിൽ കാണുന്നു. പ്രഥമ ദൃഷ്ട്യാ പ്രതിയുടെ പങ്കും പങ്കാളിത്തവും കേസ് റെക്കോഡിൽ കാണുന്നുണ്ട്. ഈ ഘട്ടത്തിൽ പ്രതിയെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്നും ശിക്ഷ ഭയന്ന് പ്രതി ഒളിവിൽ പോകാനും സമാന കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള സാധ്യതയുണ്ടെന്നും വിലയിരുത്തിയാണ് ജാമ്യം നിരസിച്ചത്.
ശ്യാംകുമാറടക്കം 4 പ്രതികൾ ജൂൺ 28 മുതൽ ജയിലിൽ കഴിയുകയാണ്. വടശേരിക്കോണം ജെ.ജെ. പാലസിൽ ജിഷ്ണു (26), സഹോദരൻ ജിജിൻ(25), സുഹൃത്തുക്കളായ വടശേരിക്കോണം മനുഭവനിൽ മനു(26), കെ.എസ്.നന്ദനത്തിൽ ശ്യാംകുമാർ(26) എന്നിവർ വീട്ടിൽ അതിക്രമിച്ചു കടന്ന് മൺവെട്ടി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. എതിർക്കാൻ ശേഷിയുള്ള ആരും വീട്ടിലില്ലെന്ന് ഉറപ്പിച്ചാണ് പ്രതികളെത്തിയത്.
വർക്കല കല്ലമ്പലം വടശ്ശേരിക്കോണം ശ്രീലക്ഷ്മിയിൽ പ്രവാസിയായ രാജു (61) ആണ് മകളുടെ വിവാഹത്തലേന്ന് കൊല്ലപ്പെട്ടത്. പ്രതികളിലൊരാളായ ജിഷ്ണുവിന്റെ വിവാഹ അഭ്യർത്ഥന നിരസിച്ചതാണ് കൊലക്കുള്ള വിരോധ കാരണമായി പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.കൊലയുടെ പിറ്റേന്ന് ശിവഗിരിയിൽ വച്ച് മകൾ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കാനിരിക്കെയാണ് രാജു കൊല്ലപ്പെട്ടത്. രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.വിവാഹത്തലേന്നത്തെ ആഘോഷ പാർട്ടി തീർന്ന് അർദ്ധരാത്രി 1 മണിയോടെ പെൺകുട്ടിയുടെ സുഹൃത്തായിരുന്ന ജിഷ്ണുവും സംഘവുമെത്തിയത്. വർക്കല ക്ലിഫിനു സമീപത്തെ ബാറിൽ നിന്നും മദ്യപിച്ച ശേഷമാണ് പ്രതികൾ കൃത്യവീട്ടിൽ എത്തിയത്. കാറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ആദ്യം ബഹളമുണ്ടാക്കി. പിന്നീട് വീട്ടിലേക്കെത്തി. വധുവായ ശ്രീലക്ഷ്മിയെ ആക്രമിച്ചു. പിതാവ് രാജു ഇത് തടഞ്ഞതോടെയാണ് അക്രമികൾ അദ്ദേഹത്തിന് നേരെ തിരിഞ്ഞതെന്നാണ് കേസ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്