പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ മന്ത്രവാദ കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചു കോടതി. ഉപാധികളോടെയാണ് പ്രതികളായ ശോഭനയ്ക്കും ഉണ്ണി കൃഷ്ണനും പത്തനംതിട്ട ജുഡീഷ്യസ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഏത് സമയവും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണമെന്നും കോടതി നിർദ്ദേശിച്ചു. മന്ത്രവാദ കേന്ദ്രത്തിലേക്ക് പ്രവേശിക്കാനും പാടില്ലെന്നതാണ് പ്രധാന നിബന്ധന. പ്രതികളുടെ ജാമ്യാപേക്ഷയെ പൊലീസ് കോടതിയിൽ എതിർക്കാതിരുന്നതും തുണയായി മാറി.

സംഭവത്തിൽ കൂടുതൽ പരാതികൾ കിട്ടുകയാണെങ്കിൽ വിശദമായി അന്വേഷിക്കും എന്നാണ് പൊലീസ് വിശദീകരണം. നിലവിൽ ഒരു പരാതി മാത്രമാണ് അന്വേഷണ സംഘത്തിന് മുന്നിലുള്ളത്. വാസന്തീ മഠം എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ കുട്ടികളെപ്പോലും മന്ത്രവാദത്തിന് വിധേയമാക്കുന്നു എന്നായിരുന്നു പരാതി. നാല് മാസം മുമ്പ് മന്ത്രവാദ കേന്ദ്രത്തിൽ ഒരു കുട്ടിയെ ഉപയോഗിച്ച് പൂജകൾ നടത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവിധ യുവജന സംഘടനകൾ ഇവിടേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിനിടെ തുടർന്നാണ് ശോഭനയെയും ഉണ്ണികൃഷ്ണനെയും പൊലീസ് കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ചതി, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇരുവർക്കുമെതിരെ കേസെടുത്തത്.

ശോഭനയുടെ കൂടുതൽ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാസങ്ങൾക്ക് മുമ്പ് ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മലയാലപ്പുഴയിലെ മന്ത്രവാദ കേന്ദ്രത്തിൽ നടന്നത് ക്രൂരമായ പീഡനമാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന പുതിയ ദൃശ്യങ്ങൾ. ബാധ ഒഴിപ്പിക്കാനും മാനസിക ആസ്വസ്ഥകൾ മാറാനുമുള്ള പരിഹാര ക്രിയകൾ എന്ന പേരിലാണ് മന്ത്രവാദ കേന്ദ്രം പ്രവർത്തിച്ചിരുന്നത്.

ഇവിടെക്ക് എത്തുന്ന സ്ത്രീകളെയും കുട്ടികളെയും അതി ക്രൂരമായി മർദിച്ചിരുന്നു. ശാരീരിക അക്രമങ്ങളിലൂടെ മാത്രമേ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാവുകയുള്ളൂ എന്നാണ് ശോഭന പറഞ്ഞു പറ്റിച്ചിരുന്നത്. ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾക്ക് പുറമേ കൂടുതൽ സംഭവങ്ങൾ മന്ത്രവാദ കേന്ദ്രം കേന്ദ്രീകരിച്ച് നടന്നിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.